ഭാര്യയെ കൊക്കയിലെറിഞ്ഞ് കൊന്ന കേസില്‍ ചങ്ങനാശേരി സ്വദേശി പ്രദീപിനെ വാഗമണ്ണില്‍ എത്തിച്ച് തെളിവെടുത്തു. പ്രദീപിന്റെ ഭാര്യ അഞ്ജലിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ക്കായി കഴിഞ്ഞ ദിവസം പൊലീസ് സംഘം വാഗമണ്ണില്‍ തെരച്ചില്‍ നടത്തിയെങ്കിലും തെളിവൊന്നും കിട്ടിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് പ്രദീപിന്റെ സാന്നിധ്യത്തില്‍ തെരച്ചില്‍ നടത്താന്‍ പൊലീസ് തീരുമാനിച്ചത്.
ചങ്ങനാശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രദീപിനെ വെള്ളിയാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബുധനാഴ്ച രാവിലെ തന്നെ വാഗമണ്ണിലെത്തി പരിശോധന നടത്താനാണ് പൊലീസിന്റെ നീക്കം. 2009 ല്‍ അഞ്ജലിയുടെ ചലനശേഷി നഷ്ടപ്പെടാനിടയാക്കിയ അപകടം പ്രദീപ് മനപൂര്‍വം സൃഷ്ടിച്ചതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വിദേശത്തുവച്ച് പ്രണയിച്ച് നാട്ടില്‍ എത്തിച്ച് വിവാഹം കഴിക്കുകയായിരുന്നു പ്രദീപ്‌കുമാര്‍ അഞ്‌ജലിയെ. എന്നാല്‍ പല സ്‌ത്രീകളുമായി ബന്ധംപുലര്‍ത്തുന്ന ഭര്‍ത്താവിനെ ചോദ്യം ചെയ്‌തതാണ് അഞ്‌ജലിക്ക് മരണക്കുരുക്ക് ഒരുങ്ങാന്‍ ഇടയായത്.
ആദ്യഭാര്യ ജീവിച്ചിരിക്കുമ്പോള്‍തന്നെ രണ്ടു യുവതികളെ രജിസ്‌റ്റര്‍ വിവാഹം കഴിച്ച പ്രദീപ്‌കുമാര്‍ ഭര്‍തൃമതികളായ മറ്റ് സ്‌ത്രീകളുമായി ബന്ധം പുലര്‍ത്തിയിരുന്നു. പീഡനം സഹിക്കാന്‍ കഴിയാതെ രണ്ടാം ഭാര്യ കുറിപ്പെഴുതിയശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഇവരിപ്പോള്‍ മകനുമൊത്ത് സ്വന്തം വീട്ടിലാണ് താമസം. മാതാപിതാക്കളടക്കം പ്രദീപിന്റെ ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന.
അഞ്ജലിക്ക് പരിക്കേറ്റ ശേഷം ഈ യുവതിയെ വിവാഹം കഴിച്ച് തെള്ളകത്തെ വാടകവീട്ടില്‍ താമസമാക്കി. അഞ്ജലിയെ കാണാതായതായി പരാതി കൊടുത്ത ശേഷം 2010ല്‍ ചങ്ങനാശേരി വടക്കേക്കര സ്വദേശിയായ മറ്റൊരു യുവതിയെയും വിവാഹം കഴിച്ചു. ഇതിനിടെ ഭര്‍ത്താവ് പ്രദീപാണ് കൊലപാതകിയെന്ന് സൂചിപ്പിക്കുന്ന കത്ത് ചങ്ങനാശേരി പൊലീസിന് ലഭിച്ചതാണ് കേസില്‍ വഴിത്തിരിവായത്.