കൊച്ചി|
Last Updated:
വ്യാഴം, 17 ജൂലൈ 2014 (17:34 IST)
പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ശശികുമാര്‍ അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
141ലേറെ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ്മേക്കര്‍ ആയിരുന്നു ശശികുമാര്‍. ജെ സി ഡാനിയേല്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഒരു വര്‍ഷം 13 സിനിമകള്‍ വരെ സംവിധാനം ചെയ്ത സംവിധായകനാണ് അദ്ദേഹം. പ്രേം നസീറാണ് ശശികുമാറിനെ സംവിധായകനാക്കിയത്. ആദ്യകാലത്ത് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ശശികുമാര്‍ സംവിധാനം ചെയ്ത 90 ശതമാനം സിനിമകളും ഹിറ്റുകളായിരുന്നു. നമ്പ്യാത്തുശേരില്‍ വര്‍ക്കി ജോണ്‍ എന്നാണ് അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പേര്.
നിര്‍മ്മാതാവിന് ഒരു രൂപ പോലും നഷ്ടം വരരുതെന്ന് നിര്‍ബന്ധമുള്ള സംവിധായകനായിരുന്നു ശശികുമാര്‍. അദ്ദേഹം സംവിധാനം ചെയ്ത സിനിമകള്‍ മിക്കതും ട്രെന്‍ഡ് സെറ്ററുകളായിരുന്നു. മലയാള സിനിമയിലെ ഒട്ടുമിക്ക സൂപ്പര്‍സ്റ്റാറുകളും ശശികുമാര്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എല്ലാ ജോണറുകളിലും സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.
ശശികുമാര്‍ സംവിധാനം ചെയ്ത 86 സിനിമകളില്‍ പ്രേംനസീറായിരുന്നു നായകന്‍. ചൂള എന്ന സിനിമയിലൂടെ രവീന്ദ്രന്‍ എന്ന സംഗീത സംവിധായകനെ ആദ്യമായി അവതരിപ്പിച്ചതും ശശികുമാറായിരുന്നു. ഇത്തിക്കരപ്പക്കിയിലൂടെ തമിഴ് നടന്‍ ശെന്തിലിനെയും ചട്ടമ്പിക്കല്യാണിയിലൂടെ ജഗതി ശ്രീകുമാര്‍ എന്ന അതുല്യ പ്രതിഭയെയും അദ്ദേഹം പ്രേക്ഷകര്‍ക്ക് നല്‍കി. ജയഭാരതിയെ പെണ്‍മക്കള്‍ എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തി.
ഷീലയെ നായികയാക്കി 47 സിനിമകള്‍ സംവിധാനം ചെയ്തു. ശശികുമാര്‍ - എം കെ അര്‍ജുനന്‍ - ശ്രീകുമാരന്‍ തമ്പി ടീം സൃഷ്ടിച്ച സൂപ്പര്‍ഹിറ്റ് ഗാനങ്ങളും മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. ശ്രീകുമാരന്‍ തമ്പി നിര്‍മ്മിച്ച നാലുസിനിമകള്‍ സംവിധാനം ചെയ്തതും ശശികുമാര്‍ ആയിരുന്നു.
കുടുംബിനി ആണ് ശശികുമാര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. തൊമ്മന്‍റെ മക്കള്‍, പെണ്‍മക്കള്‍, പോര്‍ട്ടര്‍ കുഞ്ഞാലി, കാവാലം ചുണ്ടന്‍, ബാല്യകാലസഖി, വെളുത്ത കത്രീന, റെസ്റ്റ് ഹൌസ്, രഹസ്യം, ലങ്കാദഹനം, ബോബനും മോളിയും, പഞ്ചവടി, പത്മവ്യൂഹം, മറവില്‍ തിരിവ് സൂക്ഷിക്കുക, എന്‍റെ എന്‍റേതുമാത്രം, ചക്രവാളം ചുവന്നപ്പോള്‍, പിക്നിക്, ചട്ടമ്പിക്കല്യാണി, ആലിബാബയും 41 കള്ളന്‍മാരും, പുഷ്പശരം, സഖാക്കളേ മുന്നോട്ട്, നിനക്കുഞാനും എനിക്ക് നീയും, മുദ്രമോതിരം, മുക്കുവനെ സ്നേഹിച്ച ഭൂതം, ജയിക്കാനായ് ജനിച്ചവന്‍, ചൂള, തീനാളങ്ങള്‍, കരിപുരണ്ട ജീവിതങ്ങള്‍, ഇത്തിക്കര പക്കി, അട്ടിമറി, നാഗമഠത്ത് തമ്പുരാട്ടി, മദ്രാസിലെ മോന്‍, ആട്ടക്കലാശം, സ്വന്തമെവിടെ ബന്ധമെവിടെ, ഇവിടെ തുടങ്ങുന്നു, പത്താമുദയം, അഴിയാത്ത ബന്ധങ്ങള്‍, എന്‍റെ കാണാക്കുയില്‍, കുഞ്ഞാറ്റക്കിളികള്‍, ഇനിയും കുരുക്ഷേത്രം, അകലങ്ങളില്‍, രാജവാഴ്ച, പാടാത്ത വീണയും പാടും തുടങ്ങിയവയാണ് ശശികുമാര്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍.
ചിത്രത്തിന് കടപ്പാട് - അമൃത ടി വി