ഗൂഢാലോചന നടത്തിയത് കാര്‍ത്തികേയന്‍: പിണറായി

കൊച്ചി| WEBDUNIA| Last Modified വെള്ളി, 1 ജനുവരി 2010 (14:59 IST)
PRO
PRO
യുഡിഎഫ് അധികാരത്തിലിരിക്കുന്ന സമയത്ത് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്‍റണിയുടെയും വൈദ്യുതി മന്ത്രി ജി കാര്‍ത്തികേയന്‍റെയും കാലത്തുതന്നെ എസ്‌ എന്‍ സി ലാവ്‌ലിന്‍ കേസിലെ ഗൂഡാലോചന പൂര്‍ത്തിയായിരുന്നുവെന്ന്‌ പിണറായി വിജയന്‍. കാര്‍ത്തികേയന്‍ രണ്ടു തവണ കാനഡ സന്ദര്‍ശിച്ചിരുന്നെന്നും ആ സമയത്തു തന്നെ ഗൂഢാലോചന പൂര്‍ത്തിയായിരുന്നുവെന്നും പിണറായിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ എം കെ ദാമോദരന്‍ പറഞ്ഞു.

കേസില്‍ നിന്നു കാര്‍ത്തികേയനെ ഒഴിവാക്കിയതു രാഷ്‌ട്രീയലക്‌ഷ്യം വെച്ചാണ്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്‍റണിയുടെ അറിവില്ലാതെ ധാരണാപത്രം ഒപ്പിടാന്‍ കഴിയില്ല. അദ്ദേഹത്തിന്‍റെ അറിവോടും അനുമതിയോടും കൂടിയാണ്‌ ധാരണാപത്രത്തില്‍ ഒപ്പിട്ടത്‌. കേസില്‍ ശരിയായ അന്വേഷണം ആവശ്യപ്പെടാന്‍ പ്രതികള്‍ക്ക്‌ അവകാശമുണ്ടെന്നും എം കെ ദാമോദരന്‍
വാദിച്ചു.

പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്നവര്‍ കരാറുമായി മുന്നോട്ടുപോകുക മാത്രമാണ്‌ ചെയ്തത്‌. കൂടാതെ വൈദ്യുതി മന്ത്രിയായപ്പോള്‍ കണ്‍സല്‍ട്ടന്‍സി കരാര്‍ തുകയില്‍ കുറവ്‌ വരുത്താനും കഴിഞ്ഞു.
പിണറായി വിജയന്‍ ഗൂഡാലോചന നടത്തിയെങ്കില്‍ അതിന്‌ എന്തു പ്രതിഫലം ലഭിച്ചുവെന്ന്‌ സി ബി ഐ വ്യക്തമാക്കണമെന്നും അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

രാവിലെ പതിനൊന്നോടെയാണ്‌ ജഡ്ജി ജ്യോതീന്ദ്രനാഥ്‌ കേസ്‌ പരിഗണിച്ചത്‌. പിണറായിയുടെ ഹര്‍ജിയില്‍ ഉച്ചയ്ക്കുശേഷവും വാദം തുടരും. പിണറായിയും രണ്ടാം പ്രതി കെ ജി രാജശേഖരന്‍ നായരും കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായി ജാമ്യം എടുത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :