ക്ഷേത്രത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ ആറു മാസക്കാലത്തേക്കുള്ള മേല്‍ശാന്തിയെ ചൊവ്വാഴ്ച അഭിമുഖത്തിലൂടെയും നറുക്കെടുപ്പിലൂടെയും തീരുമാനിക്കേണ്ടതായിരുന്നു. പെരുവനം, ശുകപുരം നമ്പൂതിരി ഗ്രാമങ്ങളിലെ ഭട്ടവൃത്തിയുള്ള നമ്പൂതിരിമാര്‍ക്കാണ് ഗുരുവായൂരില്‍ മേല്‍ശാന്തിയാകാന്‍ യോഗ്യതയുള്ളത്.
ഇക്കുറി 62 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍നിന്നു യോഗ്യതയുള്ള 54 പേരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. തന്ത്രിയുടെ നേതൃത്വത്തില്‍ പൂജയിലെയും താന്ത്രിക പ്രവൃത്തികളിലെയും പ്രാവീണ്യം പരിശോധിച്ച് യോഗ്യതയുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കാന്‍ രാവിലെ തന്നെ എല്ലാവരും ഒത്തുകൂടി. എന്നാല്‍ ഇവരില്‍ തന്ത്രി ചേന്നാസ് വാസുദേവന്‍ നമ്പൂതിരിപ്പാട് മുമ്പുതന്നെ ഒഴിവാക്കിയ രണ്ടുപേരും ഉണ്ടായിരുന്നു.
ള്ളയോഗ്യതയുള്ളവരുടെ പേരുകള്‍ എഴുതിയ നറുക്കുകള്‍ വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച് നമസ്കാരമണ്ഡപത്തില്‍ വച്ച് ഉച്ചയോടെ മേല്‍ശാന്തി തിയ്യന്നൂര്‍ നാരായണന്‍ നമ്പൂതിരി നറുക്കെടുക്കും എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ താന്‍ ഒഴിവാക്കിയ രണ്ടുപേരെ സ്ഥലത്ത് കണ്ടതോടെ തന്ത്രി ഇറങ്ങിപ്പോവുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ കാരണം പറയാന്‍ ആവശ്യപ്പെട്ടെങ്കിലും തന്ത്രി പ്രതികരിച്ചില്ല.