ഗുരുജി സ്മൃതിമന്ദിരവും ചിലമ്പൊലി തിയേറ്ററും നിര്‍മ്മിക്കുന്നു

തിരുവനന്തപുരം:| WEBDUNIA|
നാട്യാചാര്യന്‍ ഗുരുഗോപിനാഥിന്‍റെ നൂറാം പിറന്നാളിനോട് അനുബന്ധിച്ച് വട്ടിയൂര്‍ക്കാവിലെ ഗുരുഗോപിനാഥ് നടനഗ്രാമം ചിലമ്പൊലി ഓപ്പണ്‍ എയര്‍ തിയേറ്ററും ഗുരുജി സ്മൃതിമന്ദിരവും നിര്‍മ്മിക്കുന്നു.

ഗുരുഗോപിനാഥ് സ്ഥാപിച്ച വിശ്വകലാകെന്ദ്രം നല്‍കിയ രണ്ട് ഏക്കര്‍ ഭൂമിയിലാണ് നടനഗ്രാമം പ്രവര്‍ത്തിക്കുന്നത്. ഇതിന്‍റെ വടക്ക് പടിഞ്ഞാറെ മൂലയില്‍ റോഡിനോട് ചേര്‍ന്നാണ് ചിലമ്പൊലി ഓപ്പണ്‍ എയര്‍ തിയേറ്റര്‍ സ്ഥാപിക്കുന്നത്. കോസ്റ്റ് ഫോര്‍ഡാണ് നിര്‍മ്മാണ ചുമതല നിര്‍വ്വഹിക്കുന്നത്.

നിശാഗന്ധി ഓഡിറ്റോറിയത്തിനു സമാനമായ എന്നാല്‍ വലിപ്പത്തില്‍ ചെറുതായ ഈ തുറന്ന വേദിയില്‍ ഇരു വശങ്ങളിലും ചമയത്തിനും ഒരുക്കങ്ങള്‍ക്കുമുള്ള പ്രത്യേക മുറികളും ശൌചാലയങ്ങളും ഉണ്ടായിരിക്കും. ഏതാണ്ട് 500 പേര്‍ക്ക് ഇരുന്നുകാണാനുള്ള ഗ്യാലറി സൌകര്യമാണ് ഒരുക്കുന്നത്.

ചിലമ്പൊലി ഹാള്‍ എന്ന പേരില്‍ ഗുരുജി നിര്‍മ്മിച്ച മന്ദിരം പുനരുജ്ജീവിപ്പിച്ച് ഗുരുജി സ്മൃതിമണ്ഡപമായി മാറ്റും. അതോടൊപ്പം തന്നെ നൃത്തപഠന ഗവേഷണ കേന്ദ്രത്തിനും നടന ഗ്രാമത്തിന് പരിപാടിയുണ്ട്. ഇവ മൂന്നിന്‍റെയും ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി എം.എ.ബേബി ശനിയാഴ്ച രാവിലെ നിര്‍വ്വഹിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :