ഭീകരവാദം: പാക് താല്പര്യം കാണിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍| WEBDUNIA| Last Modified ഞായര്‍, 24 ജനുവരി 2010 (13:08 IST)
ഇന്ത്യയ്ക്കെതിരെ ഭീകരരെ ഉപയോഗിക്കുന്നതിനുള്ള തന്ത്രത്തിന്‍റെ ഭാഗമായി ഭീകരര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഭീകരരെ ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കുന്ന തന്ത്രം പാകിസ്ഥാന്‍ ഉപേക്ഷിച്ചില്ലെന്നും അതുകൊണ്ടാണ് ഒബാമ ഭരണകൂടം സമ്മര്‍ദ്ദം ചെലുത്തിയിട്ടും ഭീകരര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകാത്തതെന്ന് സ്ട്രാറ്റ്ഫോര്‍ അഭിപ്രായപ്പെട്ടു.

അമേരിക്കയും പടിഞ്ഞാറന്‍ സഖ്യകക്ഷികളും ദീര്‍ഘകാലം അഫ്ഗാനിസ്ഥാനില്‍ തുടരില്ലെന്ന് പാകിസ്ഥാന് ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ ഇസ്ലാമാബാദിന്‍റെ കാഴ്ചപ്പാടില്‍ ഈ തീവ്രവാദികള്‍ അഫ്ഗാനില്‍ തന്നെ പോരാട്ടം തുടരണമെന്നില്ല. സഖ്യ സേനകള്‍ മേഖല വിട്ടതിന് ശേഷം പാകിസ്ഥാന്‍ അതിര്‍ത്തിക്കകത്ത് മാത്രം തീവ്രവാദം ശക്തിപ്പെടുത്താനല്ല പാകിസ്ഥാന്‍റെ ഉദ്ദേശം. ഇസ്ലാമാബാദിന് വേണ്ടി അതിര്‍ത്തിക്കപ്പുറത്തേക്കും തീവ്രവാദികളെ ഉപയോഗിക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്ന് സ്ട്രാറ്റ്ഫോര്‍ അഭിപ്രായപ്പെട്ടു.

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ സ്വാധീനം കുറയ്ക്കുന്നതിനായി പാകിസ്ഥാന്‍റെ ഉപകരണമായാണ് അവിടെ താലിബാന്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ എട്ടു വര്‍ഷമായി പാകിസ്ഥാനില്‍ ഇന്ത്യന്‍ സ്വാധീനം വര്‍ധിച്ചിട്ടുണ്ട്. യുഎസിന്‍റെ സമ്മര്‍ദ്ദ ഫലമായാണ് ഇത്തരത്തില്‍ നടപടികള്‍ കൈക്കൊള്ളുന്നതെന്നാണ് പാകിസ്ഥാന്‍ കണക്കാക്കിയിട്ടുള്ളതെന്ന് സ്ട്രാറ്റ്ഫോര്‍ ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :