ഗണേഷിനെ മാറ്റിയത് പിള്ള പറഞ്ഞിട്ട്, പിള്ളയെയും എന്നെയും ജനങ്ങള്‍ക്കറിയാം- മുഖ്യമന്ത്രി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ മറുപടി. പിള്ള പറഞ്ഞിട്ടാണ് കെ ബി ഗണേഷ്കുമാറിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തന്നെയും പിള്ളയെയും കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം എന്നും മുഖ്യമന്ത്രി പറഞ്ഞു. ഗണേഷിനെ തിരിച്ചെടുക്കാമെന്ന് പിള്ളയെ അറിയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഗണേഷ്കുമാറിനെ ഇനി മന്ത്രിയാക്കേണ്ടതില്ലെന്ന് പിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. തങ്ങളുടെ പാര്‍ട്ടിക്ക് ഇനി മന്ത്രിസ്ഥാനം വേണ്ടെന്നും എന്നാല്‍ യു ഡി എഫ് വിട്ടുപോകില്ലെന്നും പിള്ള വ്യക്തമാക്കി. സര്‍ക്കാരിന് പിന്തുണ നല്‍കുമെങ്കിലും സംസ്ഥാന സര്‍ക്കാരും യു പി എ സര്‍ക്കാരും നടത്തുന്ന ജനദ്രോഹ പരിപാടികള്‍ക്ക് പിന്തുണയുണ്ടായിരിക്കില്ലെന്നും പിള്ള വ്യക്തമാക്കി.

ഉമ്മന്‍‌ചാണ്ടി യു ഡി എഫില്‍ നിന്ന് പോയാലും ഞങ്ങള്‍ യു ഡി എഫ് വിടില്ല. ഈ മുന്നണിക്ക് വേണ്ടി ഞങ്ങളുടെ പാര്‍ട്ടി ഏറെ ത്യാഗം സഹിച്ചിട്ടുണ്ട്. ഈ മുന്നണിയുടെ നിലനില്‍പ്പിന് വേണ്ടി നിയമസഭാംഗത്വം വരെ നഷ്ടപ്പെടുത്തിയയാളാണ് ഞാന്‍. ഒരുപാട് പീഡനങ്ങള്‍ അനുഭവിച്ചു. എന്നിട്ടും ഞങ്ങളോട് ഉമ്മന്‍‌ചാണ്ടിയും കൂട്ടരും ഇപ്പോള്‍ കാണിക്കുന്ന അനാദരവും വഞ്ചനയും എന്തിനെന്ന് മനസിലാകുന്നില്ല. വീണ്ടും അപമാനിതരാകാന്‍ ഞങ്ങളില്ല. അതുകൊണ്ട്, യു ഡി എഫ് മന്ത്രിസഭയില്‍ ഞങ്ങളുടെ പ്രതിനിധി ഇനി പങ്കാളിയാകില്ല. മന്ത്രിസഭയിലേക്കില്ലെന്ന് പറയുകയും പിന്നീട് ആഭ്യന്തരമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്ത രമേശ് ചെന്നിത്തലയുടെ വാക്കുപോലെയല്ല ഇത്. ഇത് ഞങ്ങളുടെ പാര്‍ട്ടിയുടെ ഉറച്ച തീരുമാനമാണ് - ബാലകൃഷ്ണപിള്ള പറഞ്ഞു.

ഒരു പാര്‍ട്ടി കൈവശം വച്ചിരിക്കുന്ന വകുപ്പുകള്‍ ആ പാര്‍ട്ടിയോട് ഒരക്ഷരം പോലും ചോദിക്കാതെ പിടിച്ചെടുക്കുന്നത് കേരളത്തിന്‍റെയോ ഇന്ത്യയുടെയോ രാഷ്ട്രീയചരിത്രത്തില്‍ കേട്ടിട്ടില്ലാത്ത കാര്യമാണ്. ഞങ്ങളോട് കാണിച്ച ഈ മര്യാദകേട് കെ എം മാണിയോടോ കുഞ്ഞാലിക്കുട്ടിയോടോ കാണിക്കുമോ? അങ്ങനെ കാണിച്ചാല്‍ പിന്നീട് ഈ സര്‍ക്കാര്‍ ഉണ്ടാവില്ല. എന്നാല്‍ ഞങ്ങളോട് കാണിച്ച ഈ അധാര്‍മ്മികതയ്ക്കും വഞ്ചനയ്ക്കുമെതിരെ യു ഡി എഫിലെ ഒരു കക്ഷിയും പ്രതികരിച്ചില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

ഗണേഷ്കുമാറിനെ മന്ത്രിയാക്കണമെന്ന് യു ഡി എഫ് ഏകകണ്ഠമായി തീരുമാനിച്ചതാണ്. അത് നടപ്പാക്കാന്‍ ഉമ്മന്‍‌ചാണ്ടിയെ ചുമതലപ്പെടുത്തിയതുമാണ്. ഗണേഷിനെ മന്ത്രിയാക്കുമെന്ന് പുതുപ്പള്ളിയിലെ പള്ളിയില്‍ നിന്ന് ഇറങ്ങി കഴിഞ്ഞ ഞായറാഴ്ച പോലും കള്ളം പറഞ്ഞയാളാണ് ഉമ്മന്‍‌ചാണ്ടി - ബാലകൃഷ്ണപിള്ള പറഞ്ഞു. കെ ബി ഗണേഷ്കുമാറും വാര്‍ത്താസമ്മേളനത്തില്‍ പിള്ളയ്ക്കൊപ്പം ഉണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :