കോഴിക്കോട്|
rahul balan|
Last Modified ശനി, 2 ഏപ്രില്‍ 2016 (12:50 IST)
കൊയിലാണ്ടിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിഷേധവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തെത്തി. എന്‍ സുബ്രഹ്മണ്യനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സുധീരന്റെ നീക്കത്തിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാര്‍ രാജിവച്ചു. സുബ്രഹ്മണ്യനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം പാര്‍ട്ടി ഉപേക്ഷിച്ചില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ഈ കഴിഞ്ഞ അഞ്ചു വര്‍ഷവും മണ്ഡലത്തില്‍ സജീവമായി പ്രവര്‍ത്തികുന്ന അനില്‍കുമാറിനെ മാറ്റിയതിന്റെ കാരണം നേതൃത്വം വ്യക്തമാക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. സുബ്രഹ്മണ്യന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ മണ്ഡലത്തില്‍ അമ്പതോളം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു. ഗ്രൂപ് സമവാക്യങ്ങളുടെ പേരിലാണ് അനില്‍കുമാരിനെ മാറ്റി സുബ്രഹ്മണ്യനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും ഇവര്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വം തീരുമാനം മാറ്റിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന് പ്രതിഷേധത്തിന് നേതൃത്വം കൊടുത്തവര്‍ വ്യക്തമാക്കി.