തിരുവനന്തപുരം|
JOYS JOY|
Last Modified ചൊവ്വ, 3 മാര്‍ച്ച് 2015 (12:33 IST)
തനിക്കെതിരെയുള്ള കോടതി പരാമര്‍ശത്തോട് വിയോജിക്കുന്നതായി കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം, ബാര്‍ ലൈസന്‍സ് അനുവദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് കെ പി സി സി അധ്യക്ഷനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സുധീരന്റെ പ്രതികരണം.
കോടതിയുടെ പരാമര്‍ശത്തോട് ശക്തമായി വിയോജിക്കുകയാണെന്ന് സുധീരന്‍ പറഞ്ഞു. കെ പി സി സി സര്‍ക്കുലര്‍ നല്കിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആണ്. സമാന്തര ഭരണഘടന സംവിധാനമെന്ന പരാമര്‍ശത്തോട് വിയോജിപ്പെന്നും സുധീരന്‍ പറഞ്ഞു. കെ പി സി സി നിലപാട് വിശദീകരിക്കാന്‍ അവസരം ലഭിച്ചില്ലെന്നും സുധീരന്‍ വ്യക്തമാക്കി.
കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് കോടതി പരാമര്‍ശം. സര്‍ക്കുലര്‍ നല്കിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ്. സര്‍ക്കുലര്‍ നല്കിയത് ജനനന്മയ്ക്കാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ച് ജയിച്ചവരാണവര്‍. എല്ലാ പാര്‍ട്ടികള്‍ക്കും ഇതിന് അവകാശമുണ്ട്. ഇത് രാഷ്‌ട്രീയ പാര്‍ട്ടികളുടെ സ്വാതന്ത്ര്യമാണ്. ഇതിന് കടിഞ്ഞാണിടാന്‍ ആരെയും അനുവദിക്കില്ലെന്നും സുധീരന്‍ പറഞ്ഞു. സ്വാഭാവിക നീതിയുടെ നിഷേധമാണിതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിലെ ഡീലക്‌സ് ഹോട്ടലായ ക്രൗണ്‍ പ്ലാസയ്ക്ക് ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഹൈക്കോടതി വി എം സുധീരനെ കഴിഞ്ഞദിവസം വിമര്‍ശിച്ചത്. ഹോട്ടലിന് ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ കഴിയില്ലെന്ന് മരട് നഗരസഭ നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ ഉടമകള്‍ കോടതിയെ സമീപിച്ചു.
എന്നാല്‍, പുതിയ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെന്ന് കോണ്‍ഗ്രസ് ഭരണത്തിലുള്ള നഗരസഭ കോടതിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അങ്ങിനെ ഒരു ഉത്തരവും പുറത്തിറക്കിയെല്ലെന്നും കെ പി സി സി അധ്യക്ഷനാണ് ഇത്തരത്തിലൊരു സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നും ഹോട്ടല്‍ ഉടമ കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് സുധീരന്റെ സര്‍ക്കുലര്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭകള്‍ പുതിയ ബാര്‍ ലൈസന്‍സ് അനുവദിക്കരുതെന്നായിരുന്നു സര്‍ക്കുലറിലെ ഉത്തരവ്. എന്നാല്‍ ഇത് പാലിക്കേണ്ട ബാധ്യത നഗരസഭയ്ക്ക് ഇല്ലെന്ന് വിലയിരുത്തിയ കോടതി ഹോട്ടലിന് രണ്ടാഴ്ചയ്ക്കകം ബാര്‍ ലൈസന്‍സ് അനുവദിക്കാനും ഉത്തരവിട്ടിരുന്നു.