Last Modified വ്യാഴം, 12 ഫെബ്രുവരി 2015 (15:23 IST)
കൊറിയര്‍ വഴി സ്വര്‍ണ്ണക്കടത്ത് നടത്താനുള്ള ശ്രമത്തില്‍ ഒരു കിലോ 400 ഗ്രാം സ്വര്‍ണ്ണം കസ്റ്റംസ് അധികൃതര്‍ കൊച്ചി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വച്ച് പിടികൂടി. വീട്ടുപകരണങ്ങള്‍ എന്ന പേരിലാണു 40 ലക്ഷം രൂപ വില വരുന്ന ഈ സ്വര്‍ണ്ണം ഒളിപ്പിച്ചു വച്ചത്. വീട്ടുപകരണങ്ങള്‍ക്കുള്ളില്‍ പേപ്പര്‍ രൂപത്തിലാക്കിയാണ് കോഴിക്കോട് സ്വദേശിയായ ഒരാളുടെ പേരില്‍ കൊറിയര്‍ എത്തിയത്.
ഇതിനെ തുടര്‍ന്ന് കൊറിയര്‍ കമ്പനിയിലെ ജീവനക്കാരെയും ചോദ്യം ചെയ്തുവരുന്നു. അടുത്തിടെ സ്വര്‍ണ്ണക്കടത്ത് തടയുന്നതിനു കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കൊറിയറില്‍ സ്വര്‍ണ്ണം കടത്താന്‍ സാധ്യതയുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇതിനെ തുടര്‍ന്നാണു കൊറിയര്‍ വഴി എത്തുന്ന സാധനങ്ങളും സൂക്ഷ്മമായി പരിശോധിക്കാന്‍ ആരംഭിച്ചത്. ഇത്തരത്തില്‍ മുമ്പും സ്വര്‍ണ്ണം കടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു.