കൊയ്ത്ത് യന്ത്രങ്ങളില്ല; കുട്ടനാട്ടില്‍ പ്രതിസന്ധി
ആലപ്പുഴ: |
WEBDUNIA|
PRO
PRO
കുട്ടനാട്ടില്‍ കൊയ്ത്ത് യന്ത്രങ്ങള്‍ ആവശ്യത്തിന് കിട്ടാത്തതുമൂലം കര്‍ഷകര്‍ പ്രതിസന്ധിയില്‍. ഫെബ്രുവരി അവസാനത്തോടെ കൊയ്ത്ത് നടക്കേണ്ട 2,000 ഏക്കറിലേറെ പാടശേഖരങ്ങളില്‍ ഇതുവരെ യന്ത്രമിറക്കാന്‍ കഴിഞ്ഞിട്ടില്ല. എടത്വ, തകഴി കൃഷിഭവനുകളുടെ പരിധിയിലുള്ള ബഹുഭൂരിപക്ഷം പാടശേഖരങ്ങളിലും നെല്‍ച്ചെടികള്‍ വേനല്‍ മഴയിലും മറ്റും നിലം പതിച്ചുകഴിഞ്ഞു. ലോവര്‍ കുട്ടനാട്ടിലെ പല പാടശേഖരങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. അടുത്ത ദിവസങ്ങളില്‍ തന്നെ കൊയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഭീമമായ നഷ്ടമാകും കര്‍ഷകര്‍ക്കുണ്ടാകുക.
ആദ്യഘട്ടത്തില്‍ കൊയ്ത്ത് നടക്കേണ്ട പാടശേഖരങ്ങളില്‍ യന്ത്രങ്ങള്‍ എത്തിക്കുന്നതിലുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇപ്പോള്‍ പ്രശ്നം സങ്കീര്‍ണമാക്കിയത്. മാര്‍ച്ച് രണ്ടാം വാരത്തോടെ കൂടുതല്‍ പാടശേഖരങ്ങളില്‍ കൊയ്ത്ത് ആരംഭിക്കേണ്ടതായിരുന്നു. രാഷ്ട്രീയ സ്വാധീനവും മറ്റുമുള്ളവര്‍ കൊയ്ത്ത് യന്ത്രങ്ങള്‍ കൊണ്ടുപോകുന്നത് പലയിടത്തും സംഘര്‍ഷത്തിനുമിടയാക്കുന്നു.
ഫെബ്രുവരി 15ന് ചേര്‍ന്ന യോഗത്തില്‍ കൊയ്ത്ത് യന്ത്രവാടക മണിക്കൂറിന് 1,350 രൂപയായി ജില്ലാ ഭരണകൂടം നിശ്ചയിച്ചിരുന്നു. ഇതില്‍ കൂടുതല്‍ വാങ്ങിയാല്‍ പോലീസിനെ ഉപയോഗിച്ച് യന്ത്രങ്ങള്‍ പിടിച്ചെടുക്കുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സര്‍ക്കാര്‍ വക കൊയ്ത്ത് യന്ത്രങ്ങള്‍ 500 രൂപ വാടകപ്രകാരം പാടശേഖര സമിതികള്‍ക്ക് നല്‍കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചതിനാല്‍ പാടശേഖര സമിതികളുടെ മറവില്‍ സര്‍ക്കാര്‍ കൊയ്ത്ത് യന്ത്രങ്ങള്‍ ഇടനിലക്കാര്‍ കൈവശപ്പെടുത്തി.
കൊയ്ത്ത് യന്ത്ര മാഫിയ ഇടപെട്ട് അന്യസംസ്ഥാനങ്ങളില്‍ നിന്നും യന്ത്രങ്ങള്‍ കൊണ്ടുവരുന്നതും തടഞ്ഞതോടെ കുട്ടനാട്ടില്‍ കൊയ്ത്ത് നടക്കാതെയായി. ഇതേതുടര്‍ന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം യോഗം ചേര്‍ന്ന് വാടക നിരക്ക് 1,800-2,000 രൂപയായി ഉയര്‍ത്തി. എന്നിട്ടും യന്ത്രങ്ങള്‍ ലഭിക്കാത്ത സാഹചര്യമാണ് കുട്ടനാട്ടിലുള്ളത്. കൊയ്ത്ത് യന്ത്രങ്ങള്‍ വിട്ടുനല്‍കാതെ വാടക നിരക്ക് ഇനിയും വര്‍ധിപ്പിച്ച് കര്‍ഷകരെ കൊള്ളയടിക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് നടക്കുന്നത്.
നല്ല വിളവ് ലഭിച്ചിട്ടും കൊയ്തെടുക്കാനാകാത്ത കര്‍ഷകരുടെ കണ്ണീര്‍ കാണാന്‍ ആരുമില്ലാത്ത അവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസം കൃഷിമന്ത്രി കുട്ടനാട്ടില്‍ ബോട്ട് യാത്ര നടത്തിയെങ്കിലും ഒരു കര്‍ഷകനെ പോലും നേരില്‍ക്കണ്ട് പ്രശ്നങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ തയാറായില്ല. സര്‍ക്കാരും ജില്ലാ ഭരണകൂടവും അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ കുട്ടനാട്ടില്‍ ഇത്തവണത്തേത് കര്‍ഷകരുടെ കണ്ണീര്‍ കൊയ്ത്താകാനാണ് സാധ്യത.