തിരുവനന്തപുരം|
aparna|
Last Modified ചൊവ്വ, 27 ജൂണ്‍ 2017 (08:18 IST)
ശബരിമല സന്നിധാനത്ത് പുതുതായി പ്രതിഷ്ഠിച്ച സ്വർണക്കൊടിമരത്തിലേക്ക് മെർക്കുറി ഒഴിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ശക്തമാകുന്നു. സംഭവം ഒതുക്കി തീർക്കാനും ലഘൂകരിച്ച് തള്ളിക്കളയാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന്
ബി ജെ പി സംസ്ഥാന അധ്യക്ഷൻ
കുമ്മനം രാജശേഖരൻ ആരോപിച്ചു.
മെർക്കുറി ഒഴിച്ചത് ആന്ധ്രാപ്രദേശിലെ ആചാരത്തിന്‍റെ ഭാഗമാണെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയത്. എന്നാൽ, പൊലീസിന്റെ ഈ വാദം തെറ്റാണെന്ന് കുമ്മനം വ്യക്തമാക്കുന്നു. ആന്ധ്രാപ്രദേശിലോ തെലങ്കാനയിലോ ഇത്തരമൊരു ആചാരം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുപ്പതിയിലെ തന്ത്രിമുഖ്യൻമാർ അടക്കമുള്ള ആന്ധ്രാപ്രദേശിലെ പുരോഹിതൻമാരോടു ചർച്ച നടത്തി. പക്ഷേ, അങ്ങനെയൊരു ചടങ്ങോ ആചാരമോ എവിടെയും നടക്കുന്നതായി അവർക്ക് അറിവില്ല. ഈ സാഹചര്യത്തിൽ എവിടെ നിന്നുമാണ് ഈ വിവരങ്ങൾ ലഭിച്ചതെന്ന് ഐ ജി മനോജ് എബ്രഹാം വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
ശബരിമല ക്ഷേത്രത്തിനു തീവ്രവാദ ഭീഷണി ഉണ്ടെന്നു കഴിഞ്ഞവർഷവും കേന്ദ്ര രഹസ്യാന്വേഷണ എജൻസികൾ മുന്നറിയിപ്പു നൽകിയതാണ്. കൊടിമരം തകർക്കാനുള്ള നീക്കത്തെ ലാഘവത്തോടെ കാണുന്ന സർക്കാർ- പൊലീസ് നിലപാട് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സർക്കാരിനെതിരെ വ്യക്തമായ കാരണങ്ങളൊന്നും ഇല്ലാതെ പ്രശ്നങ്ങൾ വഷളാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. കുമ്മനത്തിന്റെ വാക്കുകളെ പൊലീസ് തള്ളിക്കളയുമോ സ്വീകരിക്കുമോ എന്നറിയാനുള്ള ആകാംഷയും ബിജെപി പ്രവർത്തകർക്കുണ്ട്.