പുതിയ കെപിസിസി അധ്യക്ഷന്‍ ആരായിരിക്കണമെന്ന് സംബന്ധിച്ച് ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും താല്‍പര്യം ജി കാര്‍ത്തികേയനെ അധ്യക്ഷനാക്കുന്നതിലാണ്. ഇരുവരും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ജി കാര്‍ത്തികേയനെ അധ്യക്ഷസ്ഥാനത്തേക്ക് ഇരുവരും ശുപാര്‍ശ ചെയ്തതായാണ് സൂചന. ആഭ്യന്തരമന്ത്രി ആയതിനാല്‍ കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാന്‍ രമേശ് ചെന്നിത്തല സന്നദ്ധത അറിയിച്ചു. പുതിയ അധ്യക്ഷനെ ഉടന്‍ നിയമിക്കണമെന്ന് ഹൈക്കമാന്‍ഡിനോട് അഭ്യര്‍ത്ഥിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല പറഞ്ഞു.
എന്നാല്‍ വി എം സുധീരനെ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ ആഗ്രഹം. വിഷയത്തില്‍ എ കെ ആന്‍റണിയുടെ കൂടെ അഭിപ്രായം കൂടി പരിഗണിച്ചാകും ഹെക്കമാന്‍റ് അന്തിമനിലപാട് സ്വീകരിക്കുക. ആന്‍റണി കൊല്‍ക്കത്തയിലേക്ക് പോകുന്നതിനാല്‍ ഇന്ന് തീരുമാനമുണ്ടാകാനിടയില്ല. രാഹുല്‍ ഗാന്ധി സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാകും. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ജി കാര്‍ത്തികേയനെ കൂടാതെ വി ഡി സതീശന്റെ പേരും അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.
മലബാറില്‍ നിന്നാകണം പുതിയ പ്രസിഡന്റെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എ കെ ആന്റണിയും സ്വീകരിക്കുന്ന നിലപാടുകളാവും അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെങ്കിലും ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും വാക്കുകള്‍ക്ക് തന്നെയാവും പ്രാമുഖ്യം.