തിരുവനന്തപുരം|
സജിത്ത്|
Last Updated:
വ്യാഴം, 23 ജൂണ്‍ 2016 (19:12 IST)
കെ പി സി സി സമിതിക്കു മുമ്പിൽ കെ പി സി സി പ്രസിഡന്റ് വി എം സുധീരനെതിരെ ആഞ്ഞടിച്ച് കെ ബാബു. സ്ഥാനാർഥി നിർണയ സമയത്ത് കെ പി സി സി പ്രസിഡന്റ് സ്വീകരിച്ച ചില നിലപാടുകളാണ് തൃപ്പൂണിത്തുറയിൽ തന്റെ തോല്‍വിക്ക് കാരണമായതെന്ന് ബാബു ആരോപിച്ചു.
സുധീരനെ കൂടാതെ തൃപ്പുണിത്തുറയിലെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരും തന്റെ തോല്‍വിക്കായി പല തരത്തിലുള്ള പ്രചാരണങ്ങളും നടത്തിയെന്ന് ബാബു കമ്മിഷനു മുന്നിൽ പരാതിപ്പെട്ടു. മുൻ മേയർ ടോണി ചമ്മണിയും കൊച്ചി കോർപറേഷൻ മേയറുമടക്കമുള്ളവർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ തങ്ങളോട് സഹകരിച്ചില്ലെന്ന് ഡൊമിനിക് പ്രസന്റേഷനും സമിതിയില്‍ ആരോപിച്ചു. കൂടാതെ പ്രാദേശിക നേതാക്കൾക്കെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചു.
അതേസമയം വൈപ്പിനില്‍ പരാജയപ്പെട്ട യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ ആർ സുഭാഷും കമ്മിഷനില്‍ പരാതി ഉന്നയിച്ചു. ദേവസ്വം ബോർഡ് അംഗം അജയ് തറയിലും അദ്ദേഹത്തിനൊപ്പം നിൽക്കുന്ന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെയുള്ളവരാണ് തന്റെ പരാജയത്തിനു കാരണമെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ കെ.ബാബുവും ഡൊമിനിക് പ്രസന്റേഷനുമടക്കമുള്ളവരെ വീണ്ടും മൽസരിപ്പിച്ചതിനെതിരെയും നിരവധി പരാതികള്‍ പാർട്ടി ഭാരവാഹികളിൽ നിന്ന് കമ്മിഷനു മുന്നിലെത്തി