തിരുവനന്തപുരം|
JOYS JOY|
Last Updated:
തിങ്കള്‍, 23 മാര്‍ച്ച് 2015 (09:12 IST)
നിയമസഭ സമ്മേളന നടപടികള്‍ കൃത്യമായി നടത്തിക്കൊണ്ടു പോകാന്‍ പറ്റാത്ത സാഹചര്യത്തില്‍ സഭാസമ്മേളനം വെട്ടിച്ചുരുക്കി. സഭാസമ്മേളനം സസ്‌പെന്‍ഡ് ചെയ്യുന്നതായുള്ള പ്രമേയം മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. നിയമസഭ ഏപ്രില്‍ ഒമ്പതുവരെ സമ്മേളിക്കാന്‍ ഇരുന്നതായിരുന്നു. എന്നാല്‍, പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭാസമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനിക്കുകയായിരുന്നു. വോട്ട് ഓണ്‍ അക്കൌണ്ടും ധനവിനിയോഗ ബില്ലും ചര്‍ച്ച കൂടാതെ പാസാക്കി.
ചോദ്യോത്തരവേള റദ്ദു ചെയ്ത് അടിയന്തരപ്രമേയത്തിനു അനുമതി നല്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയ്ക്ക് സ്പീക്കര്‍ ക്ഷണിച്ചെങ്കിലും സഹകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. സ്പീക്കറുടെ ഡയസിന്റെ മുമ്പിലെത്തിയ പ്രതിപക്ഷം ഇക്കാര്യത്തില്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ‘ദയവായി സഹകരിക്കണം’ എന്ന് സ്പീക്കര്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടെങ്കിലും സഹകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല.
തുടര്‍ന്ന്, ചോദ്യോത്തരവേള റദ്ദു ചെയ്യുന്നതായി സ്പീക്കര്‍ അറിയിച്ചു. പിന്നാലെ, അടിയന്തരപ്രമേയവും ശൂന്യവേളയും ശ്രദ്ധക്ഷണിക്കലും റദ്ദു ചെയ്യുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്, സഭാസമ്മേളനം സസ്പെന്‍ഡ് ചെയ്തു കൊണ്ടുള്ള പ്രമേയം അവതരിപ്പിക്കാന്‍ മുഖ്യമന്ത്രിയെ ക്ഷണിക്കുകയായിരുന്നു. മുഖ്യമന്ത്രി സഭാസമ്മേളനം സസ്പെന്‍ഡ് ചെയ്തു കൊണ്ടുള്ള പ്രമേയം അവതരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിയുകയായിരുന്നു.