കൊല്ലം: കുടുംബശ്രീ ഹോം നഴ്സിംഗ് രംഗത്തേക്കും കാല്‍വയ്പ്പു നടത്താനൊരുങ്ങുന്നു. ഇത് സംബന്ധിച്ച് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. തുടക്കത്തില്‍ കൊല്ലം ജില്ലയിലാണ് പദ്ധതി നടപ്പിലാക്കുക.
തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകരെ രോഗിപരിചരണം, വയോജന സഹായം നല്‍കല്‍ എന്നിവയ്ക്ക് പ്രത്യേകം പരിശീലനം നല്‍കും. ജില്ലാ ആശുപത്രി, കുടുംബശ്രീ ജില്ലാ മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
പരിശീലനത്തിന്‍റെ ഭാഗമായി ആദ്യ ബാച്ചില്‍ ഓരോ ഗ്രാമപഞ്ചായത്തില്‍ നിന്നും രണ്ട് പേരെ വീതമാണു തെരഞ്ഞെടുക്കുക. രണ്ടാഴ്ചക്കാലത്തേക്കാണു പരിശീലനം.
എസ്എസ്എല്‍സിയാണു കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയായി ഇതിനു നിശ്ചയിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്തിലോ കുടുംബശ്രീ മിഷനിലോ രജിസ്റ്റര്‍ ചെയ്യുന്നതനുസരിച്ച് മുന്‍ഗണനാടിസ്ഥാനത്തില്‍ ഹോംനഴ്സുമാരെ വീടുകളിലേക്ക് നിയോഗിക്കും.