കിണറ്റില്‍ നിന്ന് രക്ഷിച്ച വരയാട് വീട്ടില്‍ ഓടിക്കയറി ഗൃഹോപകരണങ്ങള്‍ തകര്‍ത്തു

ചാലക്കുടി| WEBDUNIA|
PRO
PRO
അരൂര്‍മൂഴി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ക്വാര്‍ട്ടേഴ്സിലെ കിണറ്റില്‍ വീണ അപൂര്‍വ്വയിനം വരയാടിനെ രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാവിലെയാണ്‌ മോട്ടോര്‍ ഓണ്‍ ചെയ്യാന്‍ വന്ന ആളാണ്‌ കിണറ്റില്‍ കിടക്കുന്ന വരയാടിനെ കണ്ടത്‌. ഏകദേശം ഇരുപതടിയോളം താഴ്ചയുള്ള കിണറ്റിലാണ് വരയാട് വീണത്. ചാലക്കുടിയില്‍ നിന്നുള്ള ഫയര്‍ഫോഴ്സും സംഘവും നാട്ടുകാരും വനപാലകരും ഏറെ പണിപ്പെട്ടാണ്‌ വരയാടിനെ കരയ്ക്ക് കയറ്റിയത്.

കിണറില്‍ നിന്ന്‌ വലയിട്ട്‌ വരയാടിനെ പിടികൂടുവാന്‍ ശ്രമിച്ചുവെങ്കിലും കിണറിന്റെ വക്കിലൂടെ ഓടിക്കയറി മുകളിലെത്തിയ വരയാട്‌ പിന്നീട്‌ ജീവനക്കാരി മനീഷയുടെ ക്വാര്‍ട്ടേഴ്സില്‍ ഓടികയറി. ഗൃഹോപകരണങ്ങളും വീട്ടുസാധനങ്ങളും മറ്റും നശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ കൂട്ടത്ത്പറമ്പ്‌ ബാബുവി (49) ന്‌ വീണ്‌ പരുക്കേറ്റു.

ക്വാര്‍ട്ടേഴ്സില്‍ നിന്ന്‌ വലയിട്ട്‌ പിടികൂടിയ വരയാടിനെ വൈകിട്ടോടെ വൈശ്ശേരിയില്‍ നിന്ന്‌ നാല്‌ കിലോമീറ്റര്‍ അകലെ പാള്ളറകുത്ത്‌ പ്രദേശത്തെ ഉള്‍കാട്ടില്‍ കൊണ്ടുവിട്ടു. ഏകദേശം രണ്ട്‌ വയസ്സ്‌ പ്രായമുള്ള ആണ്‍ വരയാടിന്‌ എഴുപത്തഞ്ച്‌ കിലോയോളം തൂക്കമുണ്ട്‌. ചാരനിറത്തിലുള്ള വരയാടിനെ ചായ്പന്‍കുഴി വെറ്റിനറി ഡോക്ടര്‍ എല്‍ദോ പരിശോധിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :