ചെന്നൈ/ബെംഗളൂരു|
Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2016 (16:59 IST)
മലയാളികള്‍ ഓണം ആഘോഷിക്കുന്നതിന്‍റെ തിരക്കിലാണ്. പക്ഷേ ചെന്നൈയിലും ബാംഗ്ലൂരിലുമുള്ള മലയാളികള്‍ ആശങ്കയിലാണ്. കാവേരി നദീജലത്തര്‍ക്കവുമായി ബന്ധപ്പെട്ട് രണ്ടിടങ്ങളിലും അക്രമം വ്യാപകമായി. ഇത് തങ്ങളുടെ ഓഅനഘോഷത്തെയും നാട്ടിലേക്കുള്ള യാത്രയെയും ബാധിക്കുമോ എന്ന ആശങ്കയാണ് മലയാളികളെ ഭരിക്കുന്നത്.
ബംഗളൂരു മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. കേന്ദ്രസര്‍ക്കാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്. ബംഗളൂരുവിലേക്കും തിരിച്ചുമുള്ള കെ എസ് ആര്‍ ടി സി ബസുകള്‍ കേരളം നിര്‍ത്തിവച്ചു. കര്‍ണാടക മുഖ്യമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ ചര്‍ച്ച നടത്തി. സ്ഥിതിഗതികള്‍ ശാന്തമായ ശേഷം സര്‍വ്വീസ് മതിയെന്നാണ് മാനേജുമെന്‍റ് തീരുമാനം.
സംഘര്‍ഷത്തെ തുടര്‍ന്ന് ബംഗളൂരു - മൈസൂര്‍ റോഡ് അടച്ചിരിക്കുകയാണ്. തമിഴ്നാട് രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്കെതിരെ കര്‍ണാടകയിലും കര്‍ണാടക രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്കെതിരെ തമിഴ്നാട്ടിലും അക്രമം തുടരുകയാണ്. എന്നാല്‍ അക്രമികള്‍ നിലവിട്ട് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള എല്ലാ വാഹനങ്ങളെയും ആക്രമിക്കുന്ന സ്ഥിതിയുണ്ടാകുമോ എന്നാണ് ഏവരും ആശങ്കപ്പെടുന്നത്.
ബംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗളൂരുവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം അടച്ചു. ഇതോടെ ബംഗളൂരുവിലെ മലയാളികളുടെ ഓണാഘോഷവും ഓണം യാത്രയും പ്രശ്നത്തിലായി.
അന്യസംസ്ഥാനത്തിന്‍റെ വാഹനമോ ഹോട്ടലോ മറ്റ് സ്ഥാപനങ്ങളോ കണ്ടാല്‍ അടിച്ചുതകര്‍ക്കുന്ന നിലപാട് ചെന്നൈയിലും ബംഗളൂരുവിലുമുള്ള അക്രമികള്‍ സ്വീകരിച്ചാല്‍ മലയാളികള്‍ക്ക് ഓണക്കാലം ദുരിതമയമാകുമെന്ന് തീര്‍ച്ച.