തൃശൂര്‍ - തമിഴ്നാട് അതിര്‍ത്തിപ്രദേശമായ വാല്‍പ്പാറയില്‍ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ മൂന്ന് സ്ത്രീകള്‍ മരിച്ചു. വാല്‍പ്പാറ ചെറിയക്കാന എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് നേരെയാണ് കാട്ടാനക്കൂട്ടം ആക്രമണം നടത്തിയത്. ഖദീജ, പരമേശ്വരി, സെല്‍വത്തായി എന്നീ സ്ത്രീകളാണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെ തേയിലത്തോട്ടത്തില്‍ ജോലി കഴിഞ്ഞ് സ്ത്രീകള്‍ കൂട്ടം കൂട്ടമായി പോകുമ്പോഴാണ് കാട്ടാനക്കൂട്ടം എതിരേ വന്നത്. കാട്ടാനക്കൂട്ടത്തെ കണ്ട് സ്ത്രീകള്‍ ചിതറിയോടി. ഖദീജയും പരമേശ്വരിയും സെല്‍വത്തായിയും ഓട്ടത്തിനിടെ നിലത്തുവീണു. ഇവരെ ആനകള്‍ ചവിട്ടിക്കൊല്ലുകയായിരുന്നു.
എട്ട് ആനകളാണ് ആക്രമണം നടത്തിയത്. ചിതറിയോടിയ മറ്റ് സ്ത്രീകള്‍ സുരക്ഷിതരാണ്. സംഭവത്തില്‍ ക്ഷുഭിതരായ തോട്ടം തൊഴിലാളികള്‍ വനം വകുപ്പ് ജീവനക്കാരെ തടഞ്ഞുവച്ചു. വാല്‍പ്പാറയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
കാട്ടാനകള്‍ സ്ഥിരമായി ആക്രമണം നടത്തുന്ന സ്ഥലമാണ് വാല്‍പ്പാറ. ഇക്കാര്യം തോട്ടം തൊഴിലാളികള്‍ പലതവണ വനംവകുപ്പ് അധികൃതരെ ധരിപ്പിച്ചിരുന്നതാണ്. എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ല.