കവിയൂര്‍: തുടരന്വേഷണം വരുന്നു

കൊച്ചി| WEBDUNIA|
PRO
PRO
കവിയൂര്‍ കേസില്‍ തുടരന്വേഷണത്തിന്‌ ഉത്തരവ്‌. കൊച്ചിയിലെ പ്രത്യേക കോടതിയാണ്‌ അന്വേഷണത്തിന് ഉത്തരവിട്ടത്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോ എന്നതിനെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

അനഘയെയും കുടുംബത്തെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം വാരിക എഡിറ്റര്‍ ടി പി നന്ദകുമാര്‍ ആണ് ഹര്‍ജി നല്‍കിയത്. നന്ദകുമാറിന്റെ കൈവശമുള്ള തെളിവുകള്‍ കൈമാറാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂണ്‍ 13-ന് ഈ കേസ് പരിഗണിച്ചപ്പോള്‍ സി ബി ഐയെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അനഘയെ പീഡിപ്പിച്ച ആളുകളെ കണ്ടെത്താനായില്ലെന്നത് ഗുരുതരമായ വീഴ്ചയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

അനഘയുടെ ശരീരത്തില്‍ പുരുഷബീജം കണ്ടെത്തിയതിനെക്കുറിച്ച്‌ എന്തുകൊണ്ട്‌ അന്വേഷിച്ചില്ലെന്നും കോടതി ചോദിച്ചു. ഈ പെണ്‍കുട്ടിയുടെ സുഹൃത്ത് അയച്ച കത്തിനെക്കുറിച്ച് അന്വേഷിക്കാത്തതും വീഴ്ചയാണെന്ന് കോടതി പറഞ്ഞു. അനഘയെ പീഡിപ്പിച്ചതിനെക്കുറിച്ച് സുഹൃത്ത് ഹൈക്കോടതിക്ക് വിശദമായ കത്തയച്ചിരുന്നു.

അനഘ, അച്ഛന്‍ നാരായണന്‍ നമ്പൂതിരി, അമ്മ ശ്രീദേവി, അനിയത്തി അഖില, അനുജന്‍ അക്ഷയ്‌ എന്നിവരെയാണ് 2004 സെപ്‌തംബര്‍ 28-ന് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവര്‍ക്കും മക്കള്‍ക്കും എതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

2005 ഫെബ്രുവരിയില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം ഈ കേസ് സി ബി ഐ ഏറ്റെടുത്തത്. 2005 ഡിസംബറില്‍ ലതാ നായരെ മാത്രം പ്രതിയാക്കി കോടതി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. അനഘ പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നെങ്കിലും സി ബി ഐ ഇക്കാര്യങ്ങള്‍ തള്ളികളയുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :