കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ ഐ സി സി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലഹരണപ്പെട്ട പ്രത്യയ ശാസ്ത്രമാണ് കമ്യൂണിസമെന്നും, റഷ്യ, ചൈന തുടങ്ങിയ ലോകരാജ്യങ്ങള്‍ കമ്യൂണിസം ഉപേക്ഷിച്ചു കഴിഞ്ഞുവെന്നും രാഹുല്‍ പറഞ്ഞു. കമ്മ്യുണിസം അവിടെ പേരിനു മാത്രമാണുള്ളത്. ചൈന കമ്യൂണിസത്തില്‍നിന്ന് വ്യതിചലിച്ച് വികസനങ്ങളുടെ പാതയിലാണ് - രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസിനെ അടിച്ചമര്‍ത്താനാണ് കേരളത്തിലെ ഇടത്തുപക്ഷം ശ്രമിക്കുന്നത്. അക്രമ രാഷ്ട്രീയത്തിന്റെ നയമാണ് സി പി എം സ്വീകരിച്ചിരിക്കുന്നത്. ഇത് കോണ്‍ഗ്രസിനോട് നടക്കില്ല - അദ്ദേഹം പറഞ്ഞു
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കേരളത്തിലെ ജനങ്ങളുടെ മനസില്‍ സ്ഥാനം നേടാന്‍ സാധിച്ചു. കേരള യാത്രയിലുടെ രമേശ് ചെന്നിത്തലയും കോണ്‍ഗ്രസും ജനങ്ങള്‍ക്ക് വേണ്ടതെന്തന്നു മനസിലാക്കിയിട്ടുണ്ട്. അത് നടപ്പിലാക്കാനും കേരളത്തിന്റെ വികസനത്തിനും വേണ്ടതു ചെയ്യും - രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കി.
സമ്മേളനത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി, പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, കേന്ദ്ര മാനവവിഭവശേഷി വകുപ്പ് സഹമന്ത്രി ശശി തരൂര്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എസ് ശിവകുമാര്‍, കൊടിക്കുന്നില്‍ സുരേഷ്, എം എം ഹസന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു.