കടല്‍ക്കൊല: കൂറുമാറ്റം രാജ്യത്തിന് അപമാനമെന്ന് വി എസ്
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
കടല്‍ക്കൊലയുമായി ബന്ധപ്പെട്ട കേസില്‍ വാദിഭാഗം കൂറൂമാറിയത് രാജ്യത്തിന് അപമാനകരമായെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഇറ്റലി സര്‍ക്കാരും മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളും തമ്മിലുണ്ടായ ഒത്തുതീര്‍പ്പ് കരാര്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നും വി എസ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെയാണ് ഒത്തുതീര്‍പ്പുണ്ടാക്കിയതെന്നും വി എസ് പറഞ്ഞു. ഇതു സംബന്ധിച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സമഗ്ര അന്വേഷണം നടത്തണമെന്നും വി എസ് ആവശ്യപ്പെട്ടു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അറിയാതെ ഇന്ത്യന്‍ പൗരന് മറ്റൊരു രാജ്യവുമായി എങ്ങനെയാണ് ഒത്തുതീര്‍പ്പ് കരാര്‍ ഉണ്ടാക്കാനാവുക എന്ന് വി എസ് ചോദിച്ചു. ഒരു നാടകം പോലെയാണ് കടല്‍ക്കൊലയുമായി ബന്ധപ്പെട്ട ഒത്തുതീര്‍പ്പ് നടപടികള്‍. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. സര്‍ക്കാരുകളറിയാതെ വിദേശരാജ്യവുമായി ഒത്തുതീര്‍പ്പുകള്‍ നടത്തുന്നത് ശരിയല്ല. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും വി എസ് പറഞ്ഞു.