ഓണത്തിനുശേഷം മുഖ്യമന്ത്രിയെ മാറ്റാന്‍ ഹൈക്കമാന്‍ഡ് തീരുമാനം?

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഓണാവധി കഴിഞ്ഞാല്‍ മുഖ്യമന്ത്രിയെ മാറ്റാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഉമ്മന്‍ചാണ്ടിയെ മാറ്റി പകരം രമേശ്‌ ചെന്നിത്തലയെ മുഖ്യമന്ത്രി ആക്കുവാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചു എന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. യുഡിഎഫിന്റെ നില മെച്ചപ്പെടുത്തുവാന്‍ രാഹുല്‍ഗാന്ധിയാണത്രേ നിര്‍ദ്ദേശം നല്‍കിയത്. കൂടാതെ പിസി ജോര്‍ജ് അയച്ച കത്ത് ഹൈക്കമാന്‍ഡ് കാര്യമായി പരിഗണിച്ചതായും വാര്‍ത്തയുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് വി എം സുധീരനെ ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തിയതും സോണിയയും രാ‍ഹുലും ചര്‍ച്ച നടത്തിയതും. ഇതില്‍ നിന്നെല്ലാം കേരളത്തിലെ സംഘടനാപ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യം ഹൈക്കമാന്‍ഡിന് വന്നതായാണ് വിവരം.

2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം എകെ ആന്റണി രാജിവയ്ക്കുകയും ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ ഉണ്ടാക്കുകയും ചെയ്ത അതേ രീതിയിലായിരിക്കും നേതൃമാറ്റം എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഘടക കക്ഷി മന്ത്രിമാര്‍ക്ക് മാറ്റമുണ്ടാകാന്‍ ഇടയില്ല. കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും നിയമസഭാ സ്പീക്കര്‍ക്കും മാറ്റമുണ്ടായേക്കും. അത്തരം മാറ്റങ്ങള്‍ക്കെല്ലാം രാഹുല്‍ ഗാന്ധിയുടെയും എ.കെ ആന്റണിയുടെയും നിര്‍ദേശപ്രകാരം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കാണ് അന്തിമ രൂപമുണ്ടാക്കുക. ഉമ്മന്‍ ചാണ്ടി, രമേശ്, വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ചായിരിക്കും മന്ത്രിമാരെ നിശ്ചയിക്കുക.

2004 ല്‍ ഇതേ പോലെ നേതൃമാറ്റം ഉണ്ടായത് തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം രുചിച്ച ശേഷം ആയിരുന്നെങ്കില്‍ ഇത്തവണ ഇലക്ഷന് മുന്‍പേ തന്നെ നടപടിയെടുക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. അങ്ങിനെയെങ്കില്‍ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രതിരോധം സിപി‌എമ്മിനെതിരേ തീര്‍ക്കാന്‍ കഴിയുമെന്നാ‍ണ് പ്രതീക്ഷ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :