ഒരു ദൃശ്യവും ഹാജരാക്കാന്‍ ബിജുവിന് കഴിയില്ല, പെന്‍ഡ്രൈവ് ഒരു മന്ത്രിയുടെ കൈയില്‍: തുറന്നടിച്ച് പി സി ജോര്‍ജ്

P C George, Biju Radhakrishnan, Sarita, Oommenchandy, CD, പി സി ജോര്‍ജ്, ജോര്‍ജ്ജ്, ബിജു രാധാകൃഷ്ണന്‍, സരിത, ഉമ്മന്‍‌ചാണ്ടി, ദൃശ്യം
കോട്ടയം| Last Modified തിങ്കള്‍, 7 ഡിസം‌ബര്‍ 2015 (09:52 IST)
സരിതയുമൊത്തുള്ള പ്രമുഖരുടെ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ബിജു രാധാകൃഷ്ണന് കഴിയില്ലെന്ന് കേരള കോണ്‍ഗ്രസ് സെക്കുലര്‍ നേതാവ് പി സി ജോര്‍ജ്. സരിതയുടെ വസതിയും ഓഫീസും റെയ്ഡ് ചെയ്തപ്പോള്‍ പിടിച്ചെടുത്ത കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും പെന്‍ഡ്രൈവും ഒരു മന്ത്രിയുടെ കൈയിലും തന്‍റെ വിശ്വസ്തനായ ഒരു ഡിജിപിയുടെ പക്കലും മാത്രമേയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഉറപ്പുണ്ടെന്നും അതിനാല്‍ ഒരു ദൃശ്യവും ഹാജരാക്കാന്‍ ബിജുവിന് കഴിയില്ലെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയെ തുടര്‍ന്നാണെന്ന്, മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കമുള്ളവരുടെ സരിതയോടൊത്തുള്ള ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് സോളാര്‍ കമ്മീഷന്‍ മുമ്പാകെ ബിജുരാധാകൃഷ്ണന്‍ മൊഴിനല്‍കിയത്. സരിതയോടൊത്തുള്ള തന്‍റെ ദൃശ്യങ്ങള്‍ ബിജു രാധാകൃഷ്ണന് ഹാജരാക്കാന്‍ കഴിയാതെ വരും. അപ്പോള്‍ തനിക്കെതിരെ ഉയരുന്ന മുഴുവന്‍ ആരോപണങ്ങളും ഇതുപോലെയാണെന്നുപറഞ്ഞ് രംഗത്തുവരാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. ബാര്‍കോഴ വിവാദത്തില്‍ പെട്ട മന്ത്രി ബാബുവിനെ രക്ഷിക്കാനും പഞ്ചായത്ത് തെരഞ്ജെടുപ്പിലെ തോല്‍‌വിയെ തുടര്‍ന്ന് ആടിയുലഞ്ഞ് നില്‍ക്കുന്ന പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃസ്ഥാനം നഷ്ടപ്പെടാതിരിക്കാനുമാണ് ബിജു രാധാകൃഷ്ണനുമായി ഉമ്മന്‍‌ചാണ്ടി ഗൂഢാലോചന നടത്തിയതെന്നും പി സി ജോര്‍ജ് ആരോപിച്ചു.

ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശാനുസരണമാണ് ബിജു രാധാകൃഷ്ണനെക്കൊണ്ട് ഇത്തരത്തില്‍ മൊഴിനല്‍കിച്ചത്. ജയില്‍സൂപ്രണ്ടിനെ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്. ഒരു ഫ്ലാറ്റ് നിര്‍മ്മാതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ഇതിന് ഇടനിലക്കാരായി. വന്‍ പ്രതിഫലമാണ് ബിജുരാധാകൃഷ്ണന്‍ ഇതിനായി ചോദിച്ചത്. ഈ തുക ഫ്ലാറ്റ് മാഫിയയാണ് നല്‍കിയത്. ഇത് കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ സര്‍ക്കാര്‍ ക്രമവിരുദ്ധമായി ഇളവുകള്‍ നല്‍കിയതിന് പ്രത്യുപകാരം കൂടിയാണ് - ജോര്‍ജ്ജ് ആരോപിച്ചു.

ജയില്‍ സൂപ്രണ്ടും ബിജുരാധാകൃഷ്ണനും അടച്ചിട്ട ഓഫീസിലിരുന്ന് മണിക്കൂറുകളോളം സംസാരിച്ചു. ജയില്‍ചട്ടങ്ങള്‍ക്ക് വിരുദ്ധമായുള്ള ഈ കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു. സോളാര്‍ കമ്മീഷനുമുമ്പാകെ ബിജു മൊഴി കൊടുക്കുന്നതിന് ഒരുദിവസം മാത്രം മുന്‍പാണ് ഇത്തരത്തില്‍ കരാര്‍ ഉറപ്പിച്ചത്. ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് പരസ്യമായി പ്രതികരിച്ച ജയില്‍ ഡിജിപി ലോകനാഥ് ബഹ്‌റയെ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരം മണിക്കൂറുകള്‍ക്കകം തല്‍‌സ്ഥാനത്തു നിന്ന് നീക്കിയെന്നും പി സി ജോര്‍ജ്ജ് ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :