ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകള്‍ നിലനില്‍ക്കുന്നതല്ലെന്ന് അന്വേഷണസംഘം. സാക്ഷി മൊഴികളില്‍ സ്ഥിരതയില്ലെന്നും പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ആഴ്ച കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച 300 പേജുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിനോട് അനുബന്ധമായി സമര്‍പ്പിച്ച കുറിപ്പിലാണ് കേസന്വേഷണം അവസാനിപ്പിക്കുകയാണെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരിക്കുന്നത്.
കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ എ റൌഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. കുഞ്ഞാലിക്കുട്ടിക്ക് കേസ് അട്ടിമറിക്കാന്‍ താന്‍ എല്ലാ സഹായവും ചെയ്തുവെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയ റൌഫ് മജിസ്ട്രേറ്റിനു മുന്നിലും ഇത് ഏറ്റുപറഞ്ഞിരുന്നു.
എന്നാല്‍ കെ എ റൗഫ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് സാധുതയില്ലെന്ന് അന്വേഷണസംഘം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എഡിജിപി വിന്‍സെന്റ് എം പോള്‍, അനൂപ് കുരുവിള ജോണ്‍ തുടങ്ങിയവര്‍ അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.