aparna|
Last Modified ശനി, 28 ഒക്‌ടോബര്‍ 2017 (09:17 IST)
കേരളത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥി ജിഷയുടേത്. ജിഷയുടെ കൊലപാതകത്തിനു പിന്നില്‍ ബന്ധുക്കളാണെന്നും അമ്മയ്ക്കും സഹോദരിക്കും പങ്കുണ്ടെന്നും വരെ വാര്‍ത്തകള്‍ വന്നു. ജിഷയുടെ മൃതദേഹം കൊലപാതകം നടന്ന ദിവസം തന്നെ അടക്കം ചെയ്തു എന്നതായിരുന്നു ഇതിന്റെ പ്രധാന കാരണം.
ഇപ്പോഴിതാ, എന്തുകൊണ്ടാണ് ജിഷയുടെ മൃതദേഹം വളരെ പെട്ടന്ന് ദഹിപ്പിച്ചതെന്ന് വെളിപ്പെടുത്തുകയാണ് സഹോദരി ദീപ. മൃതദേഹം മറവ് ചെയ്യാന്‍ ആറടി മണ്ണ് ചോദിച്ചപ്പോള്‍ കൂടപ്പിറപ്പുകള്‍ തള്ളിപ്പറഞ്ഞുവെന്നും പണമില്ലാത്തതിനാലാണ് പെട്ടന്ന് തന്നെ മറവ് ചെയ്തതെന്നും ദീപ പറയുന്നു.
ജിഷയുടെ മരണാനന്തര ചടങ്ങുകള്‍ ചെയ്യാനാകാത്തതും തങ്ങളുടെ ഉള്ളിലെ തീരാവേദനയാണെന്ന് ദീപ പറയുന്നു. മൃതദ്ദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആമ്പുലന്‍സില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമ്പോള്‍ കൂടെയുണ്ടായിരുന്നത് പിതാവ് പാപ്പുവിന്റെ സഹോദരന്‍ അയ്യപ്പന്‍കുട്ടിയായിരുന്നു. തന്റെ കയ്യില്‍ ഇനി 30 രൂപയേ ഉള്ളുവെന്ന് അയാല്‍ ബന്ധുക്കളെ അറിയിച്ചു.
തുടര്‍ന്ന് മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കാനുള്ള പണംമുടക്കാന്‍ ആരും മുന്നോട്ടുവന്നില്ല. ഇതേത്തുടര്‍ന്നാണ് മൃതദ്ദേഹം ഉടന്‍ ദഹിപ്പിക്കാമെന്ന നിലപാടിലേക്ക് ബന്ധുക്കള്‍ എത്തിച്ചേര്‍ന്നത്. അടക്കം നടന്നതിന്റെ ഏഴാം ദിനത്തില്‍ മകനെക്കൊണ്ട് ആത്മശാന്തിക്കായി പൂജകള്‍ നടത്താനായത് മാത്രമാണ് അല്പമെങ്കിലും ആശ്വാസം പകരുന്നതെന്നും ജിഷയുടെ സഹോദരി ദീപ പറയുന്നു.