എകെജിയുടെ വീട് സ്മാരകമാക്കും

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 22 ജൂണ്‍ 2010 (10:37 IST)
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനിഷേധ്യ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ എ കെ ജിയുടെ വീട് സ്മാരകമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വീട് പൊളിക്കുന്ന നടപടികള്‍ തടയാന്‍ ജില്ലാ കളക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. കളക്ടര്‍ നാളെ സ്ഥലം സന്ദര്‍ശിക്കും. അതേസമയം, എ ഡി എമ്മിനോട് ഇന്നു തന്നെ സ്ഥലം സന്ദര്‍ശിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. എ കെ ജിയുടെ വീട് സംരക്ഷിത സ്മാരകമാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

പെരളശ്ശേരിയിലുള്ള എ കെ ജി യുടെ കുടുംബവീട് പൊളിക്കുന്നത് കഴിഞ്ഞ ദിവസം സി പി എം പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. വീടിന്‍റെ ഇപ്പോഴത്തെ ഉടമയും എ കെ ജിയുടെ മരുമകളുടെ മകനുമായ എ കെ സദാശിവന്‍ പുതിയ വീട് നിര്‍മിക്കുന്നതിനാണ് പഴയവീട് പൊളിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, തിങ്കളാഴ്ച രാവിലെ പണിക്കാരെത്തി പൊളിച്ചുതുടങ്ങിയപ്പോള്‍ സി പി എം പെരളശ്ശേരി ബ്രാഞ്ച് സെക്രട്ടറി ഒ പി അച്യുതന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തി തടയുകയായിരുന്നു.

തുടര്‍ന്ന് സംഭവം പാര്‍ട്ടി സംസ്ഥാന നേതൃത്വം അറിയുകയും വീട് സംരക്ഷിത സ്മാരകമാക്കാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. രണ്ട് നിലയുള്ള മാളികവീടിന്‍റെ ഞാലി കഴുക്കോലും അടുക്കളയും ഇതിനകം പൊളിച്ചുകഴിഞ്ഞിരുന്നു. പെരളശ്ശേരിയില്‍ എ കെ ജി യുടെ ശവകുടീരത്തിന് തൊട്ടടുത്ത് 15 സെന്‍റിലാണ് വീട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :