എകെജിയുടെ ചിത്രം ആര്‍എസ്എസ് ഉപയോഗിക്കുന്നത് നെറികേട്: പിണറായി

കണ്ണൂര്‍| WEBDUNIA|
PRO
PRO
എ കെ ജിയുടെ ചിത്രം ആര്‍എസ്എസ് പ്രചരണത്തിനുപയോഗിക്കുന്നത് നെറികേടാണെന്ന് സി പി എം സംസ്ഥാ‍ന സെക്രട്ടറി പിണറായി വിജയന്‍. എകെജിയുടെ ജീവിതത്തെ അപമാനിക്കുന്നതിന് തുല്യമാണ് ആര്‍എസ്എസ് നടപടിയെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ പയ്യാമ്പലത്ത് എകെജിയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ എകെജി പങ്കെടുത്തത്‌ ഹിന്ദു എന്ന നിലയിലല്ല. കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ എന്ന നിലയില്‍ തന്നെയാണ്‌. ഇത്തരത്തിലുള്ള നിരവധി സാമൂഹിക വിഷയങ്ങളില്‍ അദ്ദേഹം ഇടപെടുകയും സമരം നടത്തുകയും ചെയ്തിട്ടുണ്ട്‌.

വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരത്തിനിടെ കണ്ടോത്ത്‌ വച്ച്‌ എകെജിക്ക്‌ ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്‌. ഇത്തരത്തിലുള്ള ഒരാളെ കേവലം ഹിന്ദു നേതാവായി ചിത്രീകരിക്കാനുള്ള ശ്രമത്തില്‍ നിന്ന്‌ ഇതിന്‌ തുനിഞ്ഞവര്‍ പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു.

എകെജി ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ എതിര്‍ത്തവര്‍ നിരവധിയാണ്‌. പിന്നീട്‌ എതിര്‍ത്തവര്‍ പോലും അദ്ദേഹത്തെ അംഗീകരിച്ചു. ഈ അംഗീകാരം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അഭിമാനാര്‍ഹമാണ്‌. ഒരു പാര്‍ട്ടി നേതാവിനെ അംഗീകരിക്കുന്നതിന്റെ ജനവികാരം പാര്‍ട്ടിക്ക്‌ കൂടി ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ സിബിഐയെ രാഷ്ട്രീയ പക പോക്കലിന് ഉപയോഗിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിനെ പിന്തുണക്കാത്തവരെ സിബിഐയെ ഉപയോഗിച്ചാണ് സര്‍ക്കാര്‍ നേരിടുന്നത്. ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം നടന്ന റെയ്ഡ് ഇതിനുദാഹരണമാണെന്നും പിണറായി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :