എം‌എല്‍‌എ യെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി

തിരുവനന്തപുരം| WEBDUNIA| Last Modified ഞായര്‍, 28 ഫെബ്രുവരി 2010 (11:27 IST)
കെ‌എസ്‌ആര്‍‌ടിസി ഡ്രൈവറെ തല്ലിയ കേസില്‍ മങ്കോട് രാധാകൃഷ്ണന്‍ എം‌എല്‍‌എ യെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നിയമസഭാ സ്പീക്കറുടെ അനുമതി തേടി. അതേസമയം പ്രശ്നം ഒതുക്കിതീര്‍ക്കാന്‍ എം‌എല്‍‌എ ശ്രമം ആരംഭിച്ചതായാണ് വിവരം.

കഴിഞ്ഞ ദിവസമാണ് തന്‍റെ കാറിന് സൈഡ് നല്‍കാത്തതിന്‍റെ പേരില്‍ കെ‌എസ്‌ആര്‍‌ടിസി ഡ്രൈവറെ എം‌എല്‍‌എ മര്‍ദ്ദിച്ചത്. പരുക്കേറ്റ ഡ്രൈവര്‍ മദനന്‍ പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വലതുചെവിക്ക് കേള്‍വിക്കുറവും വേദനയും കലശലായതിനെ തുടര്‍ന്ന് ഇയാള്‍ കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സ തേടിയിരുന്നു.

എംഎല്‍എക്കെതിരെ കേസ് എടുക്കുന്നകാര്യം അന്വേഷണോദ്യോഗസ്ഥര്‍ സ്പീക്കറെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഡ്രൈവറെ താ‍ന്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും വണ്ടി നിര്‍ത്തി പുറത്തിറങ്ങിയ ഉടന്‍ ഡ്രൈവര്‍ തന്നോട് ക്ഷമ പറയുകയായിരുന്നെന്നുമാണ് മങ്കോട് രാധാകൃഷ്ണന്‍ എം‌എല്‍‌എയുടെ വാദം. കെ‌എസ്‌ആര്‍‌ടിസി തൊഴിലാളി സംഘടനയും വിഷയം ഏറ്റെടുത്തതോടെയാണ് പ്രശ്നം രൂക്ഷമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :