Last Modified തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2014 (15:52 IST)
സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് പിണറായി വിജയന്‍ ഒഴിയും എന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു. പിണറായി തന്നെ പല തവണ ഇതിന് സ്ഥിരീകരണവും നല്‍കിക്കഴിഞ്ഞു. അടുത്ത സെക്രട്ടറി ആരാവണം എന്നതിനെക്കുറിച്ച് പാര്‍ട്ടിയില്‍ നേതൃതലചര്‍ച്ച പുരോഗമിക്കുകയാണ്‍. മാധ്യമങ്ങളിലും പല പേരുകളും ചര്‍ച്ചയാകുന്നു.
പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഇനി കേരളത്തില്‍ സി പി എമ്മിനെ നയിക്കുമെന്നാണ് ചില സൂചനകള്‍. ഇ പി ജയരാജന്‍, തോമസ് ഐസക്, എം എ ബേബി, എളമരം കരീം തുടങ്ങിയവരുടെ പേരുകളും പറഞ്ഞുകേള്‍ക്കുന്നു. എന്നാല്‍ താന്‍ സംസ്ഥാന സെക്രട്ടറിയാകാന്‍ ഒരു സാധ്യതയുമില്ല എന്നാണ് എം എ ബേബി ഇപ്പോള്‍ വ്യക്തമാക്കുന്നത്.
"പാര്‍ട്ടി സെക്രട്ടറി ആരായിരിക്കണമെന്നത് പാര്‍ട്ടി വളരെ ഗൌരവത്തോടെ ആലോചിച്ച് തീരുമാനിക്കുന്ന കാര്യമാണ്. പാര്‍ട്ടിക്ക് സംഘടനാപരമായി വലിയ ദോഷമുണ്ടായേ തീരൂ എന്ന വാശിയോടുകൂടി തീരുമാനിച്ചാല്‍ മാത്രം പരിഗണിക്കാവുന്ന പേരാണ് എന്‍റേത്. പാര്‍ട്ടിക്ക് ദോഷമുണ്ടാകണമെന്ന് ആരും ചിന്തിക്കാന്‍ വഴിയില്ല. സെക്രട്ടറി സ്ഥാനത്തേക്ക് എന്‍റെ പേര് പരിഗണിക്കുവാന്‍ യാതൊരു സാധ്യതയുമില്ല" - മംഗളം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ എം എ ബേബി വ്യക്തമാക്കുന്നു.
ഇ പി ജയരാജനോ എളമരം കരീമോ അടുത്ത സെക്രട്ടറിയാകുന്നതിനോടാണ് പിണറായി വിജയന് താല്‍പ്പര്യം എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത്.