ഒരു പ്രതിപക്ഷ സമരത്തെ നേരിടാന്‍ സമീപകാലത്തൊന്നും സ്വീകരിച്ചിട്ടില്ലാത്ത മുന്നൊരുക്കങ്ങള്‍ നടത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. സോളാര്‍ സമരത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് 12ന് ആരംഭിക്കുന്ന അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധത്തെ നേരിടാനായി സര്‍ക്കാര്‍ കേന്ദ്രസേനയുടെ സഹായം തേടി.
സമരത്തെ നേരിടാനായി 22 കമ്പനി സി ആര്‍ പി എഫ് ഭടന്‍മാരെ അനുവദിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല മലപ്പുറം, തൃശൂര്‍ ക്യാമ്പുകളില്‍ നിന്നും സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളില്‍ നിന്നും പരമാവധി പൊലീസിനെ തിരുവനന്തപുരത്തേക്ക് വിന്യസിക്കും.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തിരുവനന്തപുരം നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. സമരത്തെ നേരിടാനായി സര്‍ക്കാരിന്‍റെ ഉന്നതതല ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. പൊലീസിലെ ഉന്നതരുടെ യോഗത്തില്‍ ആഭ്യന്തരമന്ത്രിയും പങ്കെടുത്തതായാണ് അറിയുന്നത്.
തിരുവനന്തപുരം നഗരത്തില്‍ 144 പ്രഖ്യാപിക്കാനും ആലോചനയുണ്ടെന്ന് സൂചനയുണ്ട്. വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്താന്‍ പോകുന്നത്.
അതേസമയം, സോളാര്‍ സമരത്തിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റിന്‍റെ നാല് ഗേറ്റുകളും ഉപരോധിക്കുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു.