ഉദ്യോഗസ്ഥരുടെ പീഡനം: അമ്പലപ്പുഴയില്‍ വ്യാപാരി ആത്മഹത്യ ചെയ്തു

അമ്പലപ്പുഴ| aparna shaji| Last Modified ചൊവ്വ, 1 മാര്‍ച്ച് 2016 (11:33 IST)
വാണിജ്യനികുതി ഉദ്യോഗസ്ഥരുടെ പീഡനത്തിൽ മനംനൊന്ത് ഉദ്യോഗസ്ഥർക്കെതിരെ കുറിപ്പെഴുതിയശേഷം വ്യാപാരി ആത്‌മഹത്യ ചെയ്തു. പടിഞ്ഞാറെ നടയിലെ ചിത്രാ സ്റ്റോഴ്സ് ഉടമ ആമയിട ശ്രീലക്ഷ്മിയിൽ ശ്രീകുമാറിനെയാണ് (57) ഇന്നലെ രാവിലെ കടയോടു ചേർന്ന മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.

നികുതി കുടിശിക ഇനത്തിൽ മൂന്നു വർഷം മുൻ‌പത്തെ 25 ലക്ഷം രൂപ അടക്കണമെന്നാവശ്യപ്പെട്ട് വാണിജ്യ നികുതി
ആലപ്പുഴ ഒന്നാം സർക്കിൾ ഓഫിസിൽനിന്നു കിട്ടിയ നോട്ടിസിനു കൊല്ലം വാണിജ്യ നികുതി കോടതിയിൽ കഴിഞ്ഞ ദിവസം ശ്രീകുമാർ സ്റ്റേ വാങ്ങിയിരുന്നു. കൊല്ലം കോടതിയിൽ നിന്നും സ്റ്റേ കിട്ടിയ വിവരം ഉദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടും ഫോൺ വി‌ളിച്ച് ഭീഷണിപെടുത്തിയതായി ബന്ധുക്കൾ അറിയിച്ചു.

വാണിജ്യ നികുതി ഉദ്യോഗസ്ഥരുടെ തുടർച്ചയായ മാനസിക പീഡനത്തിൽ മനംനൊന്ത് ആത്‌മഹത്യ ചെയ്യുകയാണെന്ന് ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ലഭിച്ച ആത്‌മഹത്യാകുറിപ്പിൽ പറയുന്നു. കുടുംബത്തെ ഉപദ്രവിക്കരുതെന്ന അഭ്യർത്ഥനയും കുറിപ്പിൽ പറയുന്നു. ശ്രീകുമാറിന്റെ മരണത്തെതുടർന്ന് നാട്ടുകാരും വ്യാപാരികളും സംസ്ഥാന പാതയിൽ ഉപരോധ സമരം നടത്തി.

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മ്യതദേഹവുമായി സമ്യുക്ത വ്യാപാര സംഘടനകളുടെ നേത്യത്വത്തിൽ ആലപ്പുഴ വാണിജ്യ നികുതി ഓഫീസ്
പടിക്കൽ പ്രതിഷേധ ധർണയും നടത്തി. സംസ്കാരം വീട്ടിൽ നടന്നു. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ശ്രീചിത്ര, ശ്രീക്കുട്ടി. മരുമകൻ: രഞ്ജിത്ത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :