തിരുവനന്തപുരം|
JOYS JOY|
Last Modified ചൊവ്വ, 1 മാര്‍ച്ച് 2016 (08:32 IST)
സംസ്ഥാനവ്യാപകമായി വ്യാപാരികള്‍ ഇന്ന് കടയടച്ച് പ്രതിഷേധിക്കുന്നു. വൈകുന്നേരം ആറുമണി വരെയാണ് പണിമുടക്ക്. ആലപ്പുഴ അമ്പലപ്പുഴയില്‍ വ്യാപാരി ആത്മഹത്യ ചെയ്യാന്‍ കാരണം വാണിജ്യനികുതി ഓഫീസര്‍മാരാണെന്ന് ആരോപിച്ചാണ് സമരം.
വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച കടകളടച്ച് പണിമുടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ അറിയിച്ചു. പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കേരള മര്‍ച്ചന്റ് ചേംബര്‍ ഓഫ് കൊമേഴ്സ് അറിയിച്ചു. ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
ആലപ്പുഴ ജില്ലയില്‍ ചൊവ്വാഴ്ച ഹോട്ടലുകള്‍ അടച്ചിടും. മറ്റ് ജില്ലകളില്‍ ദു:ഖസൂചകമായി കറുത്ത കൊടി ഉയര്‍ത്തുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് മൊയ്‌തീന്‍കുട്ടി ഹാജിയും ജനറല്‍ സെക്രട്ടറി ജി ജയപാലും അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് പെട്രോള്‍ പമ്പ് സമരം തുടങ്ങി. പെട്രോള്‍ പമ്പുകളുടെ ലൈസന്‍സുകള്‍ പുതുക്കി നല്കാത്ത എണ്ണക്കമ്പനികളുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് അനിശ്ചിതകാല സമരം തുടങ്ങി.