രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉള്‍പ്പെട്ട അനാശാസ്യ കേസില്‍ അറസ്റ്റും കോടതിയുടെ നടപടിക്രമങ്ങളും നിയമാനുസൃതമല്ലെന്ന് ഹൈക്കോടതി. ഒന്നാം പ്രതി മഞ്ചേരി സ്വദേശി ടി. മുഹമ്മദ് അഷ്‌റഫിനെതിരായ, കെട്ടിടം വാടകയ്ക്കെടുത്ത് അനാശാസ്യം നടത്തിയെന്ന കേസാണ് ജസ്റ്റിസ് തോമസ് പി ജോസഫ് റദ്ദാക്കിയത്. ഇത്തരം കേസുകളില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറോ അതിനുമുകളിലുള്ള ഉദ്യോഗസ്ഥരോ ആണ് അറസ്റ്റ് നടത്തേണ്ടിയിരുന്നത് എന്ന് കാണിച്ചാണ് കോടതി അഷ്‌റഫിനെതിരേയുള്ള കേസ് റദ്ദാക്കിയത്.
അനാശാസ്യ പ്രവര്‍ത്തന നിയമപ്രകാരം മുഹമ്മദ് അഷ്‌റഫ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഒപ്പമുണ്ടായിരുന്ന ജയലക്ഷ്‌മി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍, ഈ കേസില്‍ എസ്‌ഐ ആണ് അറസ്റ്റ് നടത്തിയിട്ടുള്ളത്. ഇത് നിയമാനുസൃതമല്ല എന്നാണ് കോടതിയുടെ വിലയിരുത്തല്‍. കേസിലെ അഡ്വക്കേറ്റ്. വിവി സുരേന്ദ്രന്‍ മുഖേന ഒന്നാം പ്രതിയായ അഷറഫ് നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി ഈ ഉത്തരവിട്ടത്.
2009 ഡിസംബര്‍ 26-നാണ് മഞ്ചേരിയിലെ വീട്ടില്‍ നിന്ന് രാജ്‌മോഹന്‍ ഉണ്ണിത്താനെ ജയലക്ഷ്മി എന്ന യുവതിയോടൊപ്പം അറസ്റ്റ് ചെയ്തത്. മഞ്ചേരിയിലെ നാട്ടുകാര്‍ യഥാര്‍ത്ഥത്തില്‍ കുടുക്കാന്‍ ശ്രമിച്ചത് വ്യവസായിയായ അഷ്റഫിനെയാണെന്നും തന്നെ ആളുമാറി പിടിച്ചതാണെന്നുമാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഈ സംഭവത്തെ പറ്റി പറഞ്ഞിരുന്നത്.