ഞായറാഴ്ച ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ ഇന്ദു എന്ന ഗവേഷകയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രശ്നങ്ങളൊന്നും ഇന്ദുവിനുണ്ടായിരുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആലുവ ചെങ്ങമനാടിന് സമീപം പെരിയാറില്‍ കണ്ടംതുരുത്ത് ഭാഗത്തുനിന്നാണ് ഇന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്.
രാത്രി യാത്രയ്ക്കിടെ ഈ പെണ്‍കുട്ടിയെ ആരോ അപായപ്പെടുത്തിയതാണെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. ഒന്നുകില്‍ ടോയ്‌ലറ്റ് വാതിലെന്ന് കരുതി ബോഗിയുടെ വാതില്‍ തുറന്ന് ഇന്ദു പുറത്തേക്ക് ഇറങ്ങിയതാവാം. അല്ലെങ്കില്‍ ആരെങ്കിലും പുഴയിലേക്ക് തള്ളിയിട്ടതായിരിക്കാമെന്നും, ഇത് സംബന്ധിച്ച് വീണ്ടും പോലീസില്‍ പരാതി നല്‍കുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
എന്നാല്‍ ഇന്ദു ആത്മഹത്യ ചെയ്തതാണെന്ന് ഏകദേശം വ്യക്തമായിട്ടുണ്ടെന്ന് റയില്‍വെ എസ് പി പി കെ അനില്‍ വ്യാഴാഴ്ച അറിയിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിവാകൂ എന്നും അദ്ദേഹം അറിയിച്ചു. ഇന്ദുവിന്‍റെ ആത്മഹത്യയുടെ കാരണം എന്താണെന്നതിനെ കുറിച്ച് കൂടുതല്‍ വിശദമാക്കാന്‍ പൊലീസ് തയ്യാറായില്ല. വരും ദിവസങ്ങളില്‍ പൊലീസ് വിശദവിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരു പെണ്‍കുട്ടിയുടെ മൃതദേഹം പെരിയാറില്‍ കണ്ടുവെന്ന അഭ്യൂഹത്തെത്തുടര്‍ന്നാണ് പൊലീസും നാട്ടുകാരും തെരച്ചില്‍ നടത്തിയത്. മണിക്കൂറുകള്‍ നീണ്ടുനിന്ന തെരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്ദു ധരിച്ചിരുന്ന ആഭരണങ്ങളും വസ്ത്രവും ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. ആലുവയിലെ വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുന്നയാളാണ് പെരിയാറില്‍ മൃതദേഹം ഒഴുകി നടക്കുന്നതായി റെയില്‍വെ പൊലീസിനെ അറിയിച്ചത്. പച്ച നിറമുള്ള ചുരിദാറായിരുന്നു മൃതദേഹത്തില്‍ ഉണ്ടായിരുന്നതെന്നും ഇയാള്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധരുള്‍പ്പെടുന്ന സംഘമാണ് തെരച്ചില്‍ നടത്തിയത്. നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു തെരച്ചില്‍.
ഇന്ദുവിന്‍റെ ഒപ്പം യാത്ര ചെയ്തിരുന്ന സുഭാഷ് എന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇയാളുമായി ഇന്ദുവിന് പ്രണയമുണ്ടായിരുന്നോ എന്ന് അന്വേഷിക്കുന്നു. ഇന്ദുവിന്‍റെ മൊബൈലില്‍ നിന്ന് ഏറ്റവും ഒടുവില്‍ അയച്ച എസ് എം എസുകള്‍ ഡിലീറ്റ് ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ഇത് പരിശോധിക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്.
എന്‍ ഐ ടി യിലെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഗവേഷകയായ ഒ കെ ഇന്ദു(25) ഞായറാഴ്ച രാത്രി തിരുവനന്തപുരം - മംഗലാപുരം എക്സ്പ്രസില്‍ കോഴിക്കോട്ടേക്ക് യാത്രചെയ്യവേയാണ് അപ്രത്യക്ഷയായത്. ഇന്ദുവിന്‍റെ വിവാഹം മെയ് 16ന് നടക്കാനിരിക്കെയാണ് സംഭവം നടന്നത്. കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍റെ സഹോദരിയുടെ മകനാണ് ഇന്ദുവിന്‍റെ പ്രതിശ്രുതവരന്‍ അഭിലാഷ്.
തിരുവനന്തപുരം കുമാരപുരം വൈശാഖില്‍ കൃഷ്ണന്‍ നായര്‍ - ഓമനക്കുഞ്ഞമ്മ ദമ്പതികളുടെ മകളാണ് ഷമ്മി എന്നുവിളിക്കുന്ന ഇന്ദു.