വിവാദമായ ആരുഷി-ഹേംരാജ് ഇരട്ടക്കൊലക്കേസില്‍ ആരുഷിയുടെ മാതാപിതാക്കള്‍ കുറ്റക്കാരാണെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചതിനെ തുടര്‍ന്ന് രാജേഷ് തല്‍വാറും നൂപുര്‍ തല്‍വാറും സുപ്രീംകോടതിയെ സമീപിച്ചു. തങ്ങളെ കേസില്‍ പ്രതി ചേര്‍ക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇരുവരും സുപ്രീംകോടതിയില്‍ അഭിഭാഷകന്‍ സതീഷ് തമത മുഖേന ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ആരുഷി വധക്കേസില്‍ കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി തങ്ങളെ പ്രതിചേര്‍ത്ത ഗാസിയാബാദ് സിബിഐ കോടതിയുടെ ഉത്തരവ് ശരിയാണെന്നായിരുന്നു അലഹബാദ് ഹൈക്കോടതി വെള്ളിയാഴ്ച നിരീക്ഷിച്ചത്.
കൊലക്കേസ് അന്വേഷണം അവസാനിപ്പിക്കണമെന്ന സിബിഐയുടെ അപേക്ഷ തള്ളിക്കൊണ്ട് ഗാസിയബാദ് സിബിഐ കോടതി ആരുഷിയുടെ മാതാപിതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ ഉത്തരവിട്ടത്. ഈ ഉത്തരവിന് എതിരെയാണ് രാജേഷ് തല്‍വാറും നൂപുര്‍ തല്‍വാറും അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍, ആരുഷി വധക്കേസില്‍ പ്രധാന പങ്കുള്ളത് രാജേഷ് തല്‍വാറിനും, നൂപുര്‍ തല്‍വാറിനുമാണെന്ന സിബിഐയുടെ കണ്ടെത്തല്‍ ഹൈക്കോടതി ശരിവയ്ക്കുകയാണ് ചെയ്തത്. ഒപ്പം, ഇരുവരോടും രണ്ടാഴ്ചയ്ക്കു ശേഷം ജാമ്യാപേക്ഷ സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു. സിബിഐ എഴുതിത്തള്ളിയ ആരുഷി കേസ് അങ്ങിനെ പുതിയ വഴിത്തിരിവില്‍ എത്തിയ സാഹചര്യത്തിലാണ് രാജേഷ് തല്‍വാറും നൂപുര്‍ തല്‍വാറും ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ആരുഷിയെയും വീട്ടുവേലക്കാരന്‍ ഹേംരാജിനെയും കൊല്ലപ്പെട്ട നിലയില്‍ 2008 മെയ് 15-നാണ് നോയ്ഡ സെക്‌ടര്‍ 25-ലെ വീട്ടില്‍ കണ്ടെത്തിയത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ രാജേഷ് തല്‍വാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 57 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്കുശേഷം തെളിവില്ലാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു.
തുടര്‍ന്ന്, കേസന്വേഷണം ഏറ്റെടുത്ത സിബിഐയും ആരുഷിയെ കൊന്നത് മാതാപിതാക്കള്‍ തന്നെയാണെന്ന് പറഞ്ഞിരുന്നു. ആരുഷിയുടെ വധത്തില്‍ മാതാപിതാക്കള്‍ക്ക് പങ്കുണ്ടെന്നും എന്നാല്‍ തെളിവുകളില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടിയാണു സിബിഐ കോടതിയെ സമീപിച്ചത്. ഈ അപേക്ഷയാണു കോടതി തള്ളിയത്.
പൊലീസും സിബിഐയും അന്വേഷിച്ചിട്ടും ആരുഷിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സ്വന്തം മകളെ അരുംകൊലയ്ക്ക് വിധേയമാക്കാന്‍ മാത്രം എന്താണ് ഉണ്ടായതെന്ന് പറയാനും അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയാത്തതും കേസിനെ ദുരൂഹമാക്കുന്നു.