ഇന്ത്യാവിഷന്‍ ടെലിവിഷന്‍ ചാനലിനെ ഇനി പ്രശസ്ത മാധ്യമനിരൂപകനും മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോള്‍ നയിക്കും. മാര്‍ച്ച് ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും എന്നാണ് അറിയുന്നത്. തിങ്കളാഴ്ച രാത്രി ചേര്‍ന്ന ചാനല്‍ ഡയറക്‌ടര്‍ ബോര്‍ഡിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. ബോര്‍ഡ് യോഗത്തിന്റെ പരിഗണനയിലേക്ക് പ്രശസ്‌ത സാഹിത്യകാരന്‍ എംടി വാസുദേവന്‍നായരാണ് സെബാസ്‌റ്റ്യന്‍ പോളിന്റെ പേര് നിര്‍ദ്ദേശിച്ചത്.
എക്‌സിക്യുട്ടീവ് എഡിറ്റര്‍ പദവിയില്‍ നിന്ന് എംവി നികേഷ്‌കുമാര്‍ രാജിവച്ചതോടെയാണ് ഇന്ത്യാവിഷന്‍ മറ്റൊരാള്‍ക്ക് വേണ്ടി അന്വേഷണം തുടങ്ങിയത്. ഏഷ്യാനെറ്റില്‍ ജൂനിയര്‍ റിപ്പോര്‍ട്ടര്‍ ആയിരിക്കെയാണ് നികേഷ്‌കുമാര്‍ ഇന്ത്യാവിഷനിലെത്തിയത്. മലയാളത്തിലെ ഏറ്റവും മികച്ച ന്യൂസ് ചാനലായി ഇന്ത്യാവിഷനെ മാറ്റിയതില്‍ നികേഷ്‌കുമാറിന്റെ പങ്ക് ചെറുതല്ല.
നികേഷ്‌കുമാറിന്റെ വിടവ് നികത്താനും അതിനേക്കാളും അര്‍ഹതയുള്ളയാളാണ് സെബാസ്റ്റ്യന്‍ പോളെന്നാണ് ചാനല്‍ ഡയറക്‌ടര്‍ ബോര്‍ഡിനോട് എംടി പറഞ്ഞത് എന്നറിയുന്നു. ചാനല്‍ തലപ്പത്ത് സെബാസ്‌റ്റ്യന്‍ പോള്‍ എത്തുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് ബോര്‍ഡ് യോഗത്തിന്റെ വിലയിരുത്തല്‍. പൂര്‍ണ്ണ അധികാരമുള്ള ചീഫ് എഡിറ്ററായാണ് അധികാരമേല്‍ക്കുന്നത്. ഇന്ത്യാവിഷന്‍ ചാനലില്‍ ഇതുവരെ ചീഫ് എഡിറ്റര്‍ പദവിയുണ്ടായിരുന്നില്ല എന്ന കാര്യം ശ്രദ്ധേയമാണ്.
ചാനലിന്റെ ചീഫ് എഡിറ്റര്‍ പദവിയുമായി ബന്ധപ്പെട്ട് മാസങ്ങളായി അദ്ദേഹവുമായി ചര്‍ച്ച നടന്നു വരികയായിരുന്നു. നേരത്തേ സെബാസ്റ്റ്യന്‍ പോള്‍ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ഇടത് അനുകൂല രാഷ്‌ട്രീയം മാനേജ്‌മെന്റിലെ ഒരു വിഭാഗത്തിനു പ്രശ്‌നമായതോടെ തീരുമാനം വൈകിയതാണ് എന്നറിയുന്നു.
ആദ്യമായാണ് ഇത്ര പ്രമുഖനായ ഒരു മാധ്യമ പ്രവര്‍ത്തകന്റെ സാന്നിധ്യം ഇന്ത്യാവിഷന്‍ എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഉണ്ടാകുന്നത്. കൃത്യതയാര്‍ന്ന മാധ്യമവിലയിരുത്തലും ദീര്‍ഘകാലത്തെ പത്രപ്രവര്‍ത്തന അനുഭവവുമാണ് സെബാസ്‌റ്റ്യന്‍ പോളിനെ പദവിക്ക് അര്‍ഹനാക്കിയത്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നതിനോ മറ്റു ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനോ സെബാസ്റ്റ്യന്‍ പോളിന് തടസമുണ്ടാകില്ല. വേണമെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യാം.
ഇടതുപക്ഷ സ്വതന്ത്രനായി ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കും മത്സരിച്ച സെബാസ്റ്റ്യന്‍ പോള്‍ മൂന്നു തവണ ലോക്‌സഭാ എംപിയും ഒരു തവണ എംഎല്‍എയും ആയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാധ്യമ സിന്‍ഡിക്കേറ്റ് ഉണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞപ്പോള്‍ അങ്ങനെയൊന്ന് ഇല്ല എന്ന് തുറന്നടിച്ചത് മുതല്‍ പാര്‍ട്ടിയുടെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു സെബാസ്റ്റ്യന്‍ പോള്‍.