ഇന്ത്യാവിഷന്‍ വാര്‍ത്ത: മുനീര്‍ കൈകഴുകി

കോഴിക്കോട്| WEBDUNIA|
PRO
ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ ഇന്ത്യാവിഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ തനിക്ക് പങ്കില്ലെന്ന് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീര്‍ പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ ചാനല്‍ ഞായറാഴ്ച കുഞ്ഞാലിക്കുട്ടിക്കെതിരെ വാര്‍ത്തകള്‍ പുറത്തുവിട്ട പശ്ചാത്തലത്തിലായിരുന്നു മുനീറിന്റെ വിശദീകരണം.

നാലുമാസമായി ഇന്ത്യാവിഷന്‍ ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല. ഈ തീരുമാനം ഇന്ത്യാവിഷനിലെ റിപ്പോര്‍ട്ടര്‍മാരും എഡിറ്റര്‍മാരും അടങ്ങിയ എഡിറ്റോറിയല്‍ ബോര്‍ഡിന്‍റേതാണ്. എഡിറ്റോറിയല്‍ ബോര്‍ഡിലെ തീരുമാനങ്ങള്‍ ചെയര്‍മാന്‍ അറിയണമെന്നില്ല. ആര്‍ക്കെങ്കിലും സംശയത്തിന്റെ നേരീയ നൂലെങ്കിലുമുണ്ടെങ്കില്‍, ഈ വിഷയം മാധ്യമങ്ങള്‍ സജീവമായി ചര്‍ച്ച തുടങ്ങിയ നാല് ദിവസങ്ങളിലാണ് താനും ഇക്കാര്യങ്ങള്‍ അറിയുന്നതെന്ന് വ്യക്തമാക്കുകയാണ്.

ഇന്ത്യാവിഷന്‍ ചാനലിന്റെ റിപ്പോര്‍ട്ടിനെ താന്‍ അംഗീകരിക്കുന്നില്ല. വാര്‍ത്തകളുടെ ഉള്ളടക്കത്തോട് താന്‍ യോജിക്കുന്നില്ല. എന്നാല്‍, ഇത്തരമൊരു വാര്‍ത്ത കൊടുക്കാന്‍ പാടില്ലെന്ന് തനിക്ക് എഡിറ്റോറിയല്‍ ബോര്‍ഡിനെ നിര്‍ദ്ദേശിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കെതിരായ ഒരു നീക്കത്തിലും താന്‍ പങ്കാളിയാകില്ലെന്നും മുനീര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇന്ത്യാവിഷന്‍ ചാനലിന്റെ തലപ്പത്ത് ഉള്ളത് ഒരു ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ആണ്. ഇവരുടെ ചെയര്‍മാന്‍ എന്ന ആലങ്കാരിക പദവി മാത്രമാണ് താന്‍ നിര്‍വ്വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായ പ്രതിസന്ധികള്‍ ഉണ്ടായ ഘട്ടത്തില്‍ അതിനെ തരണം ചെയ്യുന്നതിനുവേണ്ടി പണം നിക്ഷേപിക്കുന്നവര്‍ക്ക് വിശ്വാസ്യത നഷ്ടപ്പെടാതിരിക്കാനാണ് താന്‍ ഈ പദവി വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീംലീഗ് എന്ന പ്രസ്ഥാനത്തെ സംരക്ഷിക്കുന്നതിനും പ്രതിസന്ധികളെ നേരിടുന്നതിനും നേതാക്കള്‍ക്കൊപ്പം താന്‍ എന്നും ഉണ്ടാകുമെന്നും മുനീര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പ്രവര്‍ത്തകരില്‍ പോലും ആശയക്കുഴപ്പം ഉണ്ട്. അത് മാറ്റുന്നതിനു വേണ്ടിയാണ് താന്‍ ഇപ്പോള്‍ വിശദീകരണം നല്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :