കോഴിക്കോട്|
JOYS JOY|
Last Modified വ്യാഴം, 12 മാര്‍ച്ച് 2015 (08:37 IST)
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആകാശത്ത് വീണ്ടും തീഗോളം ദൃശ്യമായി. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ബുധനാഴ്ച രാത്രി തീഗോളം പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞമാസം 27ന് ആയിരുന്നു ഇതിനു മുമ്പ് തീഗോളങ്ങള്‍ ദൃശ്യമായത്. അതേസമയം, ഇന്നലെ പ്രത്യക്ഷപ്പെട്ട തീഗോളങ്ങള്‍ എന്തെങ്കിലും നാശനഷ്‌ടങ്ങള്‍ ഉണ്ടാക്കിയതായി റിപ്പോര്‍ട്ടുകളില്ല.
മലപ്പുറത്ത് മാറഞ്ചേരിയിലെ കുമ്മിപ്പാലം കോള്‍പ്പടവിലാണ് മീന്‍ പിടിക്കുന്നവര്‍ തീഗോളം കണ്ടത്. രാത്രി ഒമ്പതുമണിയോടെയായിരുന്നു ഇത്. നീലയും ചുവപ്പും കലര്‍ന്ന നിറത്തിലായിരുന്നു തീഗോളം. വിവരമറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടി. ഒരുമിനിറ്റ് നേരം പ്രകാശം നീണ്ടു നിന്നു.
കോഴിക്കോട് പയ്യോളിക്കടുത്ത് ഇരിങ്ങല്‍ എല്‍ പി സ്‌കൂളിന് സമീപമാണ് അഗ്‌നിഗോളം കണ്ടത്. ഫുട്‌ബോളിന്റെ വലിപ്പം ഇതിന് ഉണ്ടായിരുന്നതായും നിമിഷങ്ങള്‍ക്കകം കത്തിക്കരിഞ്ഞ് വീണതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. വയനാട് പുല്‍പ്പള്ളിക്കടുത്തും രാത്രി ഒമ്പതോടെയാണ് തീഗോളം കണ്ടത്.