ആറാം ക്ലാസുകാരി ബോംബ് ഭീഷണി മുഴക്കി; നാട് നടുങ്ങി!
കൊച്ചി |
WEBDUNIA|
PRO
PRO
നാടിനെ നടുക്കി ആറാം ക്ലാസുകാരിയുടെ ബോംബ് ഭീഷണി മുഴക്കി. സംഭവം കേരളത്തില്‍ തന്നെ. റാന്നി സിറ്റാഡല്‍ സീനിയര്‍ സെക്കന്ററി സ്‌കൂളില്‍ ബോംബു വച്ചുവെന്ന ഭീഷണിയാണ് രണ്ടര മണിക്കൂറോളം വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും അധ്യാപകരേയും നാട്ടുകാരേയും ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയത്. സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ തെരച്ചിലിലാണ് ബോംബു ഭീഷണി മുഴക്കിയ ആളെ കണ്ടെത്തിയത്.
ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സീനിയര്‍ സെക്കന്ററി സ്‌കൂളിന്റെ ഓഫീസ് ഫോണിലേക്ക് ചൊവ്വാഴ്ച രാവിലെ 12.40 നാണ് ആദ്യ ഭീഷണി സന്ദേശം എത്തിയത്. സ്‌കൂളില്‍ ബോംബു വച്ചിട്ടുണ്ടെന്നായിരുന്നു അറിയിച്ചത്. പത്തു മിനിറ്റിനുള്ളില്‍ ഇതേ സന്ദേശവുമായി രണ്ടാമതും ഫോണ്‍വിളിയെത്തി. ഓഫീസ് ഫോണിലെ കോളര്‍ ഐഡിയുടെ സഹായത്തോടെ വിളിച്ച മൊബൈല്‍ നമ്പര്‍ എടുത്ത സ്‌കൂള്‍ അധികൃതര്‍ വിവരം നമ്പര്‍ സഹിതം ഉടന്‍ തന്നെ പോലീസിനു കൈമാറി. പോലീസ് ഊ ഫോണിലേക്ക് ബന്ധപ്പെട്ടെങ്കിലും ആദ്യം മറുതലയ്‌ക്കല്‍ അറ്റന്റു ചെയ്‌ത ശേഷം ഫോണ്‍ സ്വിച്ചോഫ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മൊബൈല്‍ ഫോണിന്റെ ഉടമയെ കണ്ടെത്തിയത്.
സ്‌കൂളില്‍ ബോംബു വച്ചെന്ന ഭീഷണി വന്നതോടെ പൊലീസ്, ഫയര്‍ ഫോഴ്‌സ്, പത്തനംതിട്ടയില്‍ നിന്നുള്ള ബോംബു സ്‌ക്വാഡ് എന്നിവര്‍ സ്‌കൂളില്‍ പാഞ്ഞെത്തി. പൊലീസ് നിര്‍ദ്ദേശാനുസരണം വൈകാതെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ മൈതാനിയിലേക്കു മാറ്റി. ബോംബു ഭീഷണയുടെ വിവരം അറിയിക്കാതെ സ്‌കൂളിന് അവധി നല്‍കി വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ വാഹനങ്ങളില്‍ വീടുകളിലേക്ക് അയച്ചു. ഇതിനിടയില്‍ ബോംബു വാര്‍ത്ത പുറം ലോകമറിഞ്ഞതോടെ സ്‌കൂളിലേക്ക് രക്ഷിതാക്കളും നാട്ടുകാരും കുതിച്ചെത്തി. ബോംബു സ്‌ക്വാഡ് ഓഫീസ് , ക്‌ളാസ് മുറികള്‍, പരിസരം എന്നിവിടങ്ങളിലെല്ലാം സസൂക്ഷ്‌മ പരിശോധന നടത്തി. രണ്ടര മണിക്കൂര്‍ നീണ്ട പരിശോധന പൂര്‍ത്തിയായപ്പോഴേക്കും ബോംബു ഭീഷണി മുഴക്കിയ ആളെ പൊലീസ് കണ്ടെത്തി. ഇതോടെ ഭീഷണി വ്യാജമാണെന്നു ബോധ്യമാകുകയായിരുന്നു.
ആറാം ക്ലാസുകാരി മുത്തഛന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് സിറ്റാഡല്‍ സ്‌കൂളിലേക്ക് ബോംബു ഭീഷണിയുമായി ഫോണ്‍ ചെയ്‌തത്. ഫോണ്‍ അറ്റന്‍ഡ് ചെയ്‌ത ഓഫീസ് ജീവനക്കാരിക്ക് പരിഭ്രമത്തിനിടയില്‍ ഫോണ്‍ ചെയ്‌തത് പെണ്‍കുട്ടിയാണെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഏതോ യുവാവാണ് ഫോണ്‍ ഭീഷണി മുഴക്കിയതെന്നായിരുന്നു ആദ്യവിവരം.
പെണ്‍കുട്ടിയുടെ മാതാവ് ഡല്‍ഹിയില്‍ നേഴ്‌സും പിതാവ് വിദേശത്ത് ജോലിക്കാരനുമാണ്. മുത്തഛനും മുത്തശ്ശിക്കും ഒപ്പം താമസിച്ച് പഠിക്കുന്ന കുട്ടി കാണിച്ച തമാശയാണ് നാടിനെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയത്. പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിക്കെതിരെ വ്യാജ ഫോണ്‍ സന്ദേശത്തിന്റെ പേരില്‍ നടപടിയെടുത്തേക്കില്ലെന്നാണ് സൂചന.