ആറന്‍‌മുളയില്‍ ബാലചന്ദ്രമേനോന്‍ നേര്‍ന്ന വള്ളസദ്യ മുടങ്ങി

പത്തനംതിട്ട| WEBDUNIA|
PRO
ചലച്ചിത്രതാരവും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ ആറന്‍‌മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ വഴിപാടായി നേര്‍ന്ന മുടങ്ങി. സദ്യക്കാരന്‍റെ അനാസ്ഥയാണ് വള്ളസദ്യ മുടങ്ങാന്‍ കാരണം. ഇടയാറന്‍‌മുള കിഴക്ക്‌ പള്ളിയോടത്തിന് ബാലചന്ദ്രമേനോന്‍ നേര്‍ന്ന വള്ളസദ്യയാണ്‌ സദ്യക്കാരന്‍ യഥാസമയത്ത് സദ്യ വിളമ്പാതിരുന്നതിനെത്തുടര്‍ന്ന് മുടങ്ങിയത്.

ഇടയാറന്‍‌മുള കിഴക്ക്‌ പള്ളിയോടത്തിലെ കരക്കാര്‍ തങ്ങള്‍ക്കുവേണ്ടി തയാറാക്കിയിരുന്ന ഇരിപ്പിടങ്ങളില്‍ സദ്യയ്ക്കായി മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും സദ്യ വിളമ്പിയില്ല. ഒടുവില്‍ കരക്കാര്‍ വഞ്ചിപ്പാട്ട് പാടി പ്രതിഷേധം അറിയിച്ച് ഇറങ്ങിപ്പോയി. സദ്യയ്ക്ക്‌ ബാലചന്ദ്രമേനോന്‍ എത്തിയിരുന്നില്ല.

ഇടയാറന്‍‌മുള അമ്മ കേറ്റേഴ്സ്‌ ഉടമ എം എന്‍ അശോക്‌ കുമാറാണ്‌ ബാലചന്ദ്രമേനോന്‍റെ വഴിപാടിന് സദ്യ ഏറ്റിരുന്നത്‌. അനിശ്ചിതകാലത്തേക്ക്‌ എം എന്‍ അശോക്‌കുമാറിന് നിരോധനം ഏര്‍പ്പെടുത്തിയതായി പള്ളിയോടസേവാസംഘം അറിയിച്ചു. വള്ളസദ്യ മുടങ്ങിയതില്‍ ആചാരാനുഷ്ഠാനത്തോടെ പ്രായച്ഛിത്തം നടത്താനാണ് പള്ളിയോടസേവാസംഘം തീരുമാനിച്ചിരിക്കുന്നത്.

ഗതാഗതക്കുരുക്ക് മൂലമാണ് കൃത്യസമയത്ത്‌ സദ്യ എത്തിക്കാന്‍ കഴിയാതിരുന്നതെന്ന് അമ്മ കേറ്റേഴ്സ്‌ അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :