ആറ്റുകാല്‍ പൊങ്കാലയിടാന്‍ മകള്‍ കുഞ്ഞാറ്റയെ ഉര്‍വശിക്ക് കൈമാറണം എന്ന് കുടുംബക്കോടതി ഉത്തരവിട്ടത് പാലിക്കാത്തതിന് പ്രശസ്ത സിനിമാ നടന്‍ മനോജ് കെ ജയന്‍ ഹൈക്കോടതിയോട് നിരുപാധികം മാപ്പ് അപേക്ഷിച്ചു. ഒപ്പം തന്നെ, മകള്‍ കുഞ്ഞാറ്റയെ മനോജ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഉര്‍വശി സമര്‍പ്പിച്ച കോടതിയലക്‌ഷ്യ കേസിന്റെ വിചാരണ സമയത്താണ് മനോജ് മാപ്പപേക്ഷിച്ചത്.
തനിക്കൊപ്പം മകള്‍ കുഞ്ഞാറ്റയെ പറഞ്ഞയയ്ക്കാന്‍ കോടതി ഉത്തരവിട്ടെങ്കിലും ആ ഉത്തരവിന് പുല്ലുവില പോലും നല്‍കാതിരുന്ന മനോജ് കോടതിയെ അപമാനിച്ചിരിക്കുകയാണെന്ന് കാണിച്ച് നടി ഉര്‍വശി ഹൈക്കോടതിയില്‍ കോടതിയലക്‌ഷ്യ ഹര്‍ജി നല്‍കിയിരിരുന്നു. അതിന്റെ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നത്.
പൊങ്കാലയില്‍ പങ്കെടുക്കാന്‍ കുട്ടിയെ വിട്ടുനല്‍കണമെന്ന കുടുംബകോടതി ഉത്തരവു പാലിക്കാത്ത സാഹചര്യത്തില്‍ മറ്റൊരു ദിവസം കുട്ടിയെ ഉര്‍വശിക്കു നല്‍കുന്ന കാര്യം കോടതി പരിശോധിക്കും. ഇക്കാര്യത്തില്‍ ദിവസമേതെന്ന് അറിയിക്കാന്‍ ഉര്‍വശിയോട് കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്‌റ്റിസ് ജെ. ചെലമേശ്വര്‍, ജസ്‌റ്റിസ് ആന്റണി ഡൊമിനിക് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ആറ്റുകാല പൊങ്കാലയില്‍ പങ്കെടുക്കുന്നതിനായി ഫെബ്രുവരി 18-ന് വെള്ളിയാഴ്ച കാലത്ത് കുഞ്ഞാറ്റയെ എറണാകുളം കുടുംബകോടതി പരിസരത്ത് കൊണ്ടുവരണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാല്‍ മനോജ് കെ ജയന്‍ ഇത് പാലിച്ചില്ല. വെള്ളിയാഴ്ച കാലത്തുതന്നെ കുഞ്ഞാറ്റയെ ഒരുനോക്കു കാണാനും ആറ്റുകാല്‍ പൊങ്കാലയ്ക്ക് കൂട്ടിക്കൊണ്ട് പോകാനും ഉര്‍വശി എത്തിയിരുന്നു. മനോജ് വെറും കയ്യോടെ വന്നത് കണ്ട ഉര്‍വശി കരയുന്നത് കാണാമായിരുന്നു.
സ്കൂളില്‍ നിന്ന് പോകുന്ന വിനോദയാത്രയില്‍ കുഞ്ഞാറ്റ പങ്കെടുക്കുന്നതിനാല്‍ കുട്ടിയ കൊണ്ടുവരാനായില്ല എന്നായിരുന്നു മനോജ് കെ ജയന്റെ വാദം. മനോജ് കെ ജയന്റെ വാദം കോടതി തള്ളി. കുട്ടിയെ ഉര്‍വശിക്ക് കൈമാറിയേ തീരൂ എന്നാണ് കോടതി വിധിച്ചത്. മനോജ് കെ ജയന്‍ അത് ചെയ്തില്ലെങ്കില്‍ ഉത്തരവ് നടപ്പാക്കാന്‍ പൊലീസിന്റെ സഹായം തേടാനും ഉത്തരവില്‍ പറയുന്നുണ്ട്.
കുഞ്ഞാറ്റയെ ആറ്റുകാല്‍ പൊങ്കാലയിടാനായി ഉര്‍വശിക്ക് വിട്ടുകൊടുക്കണമെന്ന കോടതിയുടെ കര്‍ശനമായ ഉത്തരവ് മനോജ് പാലിക്കുകയുണ്ടായില്ല. കോടതിയുടെ ഉത്തരവ് മനോജ് മനപ്പൂര്‍വം ലംഘിക്കുകയും കോടതീ അപമാനിക്കുകയും ചെയ്തുവെന്നാണ് ഉര്‍വശിയുടെ ആരോപണം.