ന്യൂഡല്‍ഹി|
Last Modified ശനി, 6 ഫെബ്രുവരി 2016 (16:07 IST)
പത്മനാഭസ്വാമി ക്ഷേത്രത്തിലെ
ബി നിലവറ തുറക്കാന്‍ അനുവദിക്കണമെന്ന് വിദഗ്ധ സമിതി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ബി നിലവറ ഒഴികെയുള്ളവയിലെ കണക്കെടുപ്പ് പൂര്‍ത്തിയായ സഹചര്യത്തില്‍ ബി നിലവറ കൂടി തുറന്ന് പരിശോധിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.
ബി നിലവറ ഒഴികെ ഉള്ളവയിലെ മൂല്യ നിര്‍ണയം പൂര്‍ത്തിയാക്കി 45000 പേജുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയതായും സമിതി അറിയിച്ചു. നിലവറകളിലെ അമൂല്യ ശേഖരം മ്യൂസിയമാക്കി സംരക്ഷിക്കുന്ന കാര്യം പരിഗണിക്കണമെന്ന ആവശ്യവും വിദഗ്ധ സമിതി ഉന്നയിച്ചിട്ടുണ്ട്.
ബി നിലവറ കൂടി തുറന്ന് മൂല്യനിര്‍ണയം നടത്തിയാല്‍ അതോടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവും. ഇതുവരെയുള്ള വിവരങ്ങള്‍ പി ഡി എഫ് ഫോര്‍മാറ്റില്‍ ഹാര്‍ഡ് ഡിസ്കിലാക്കി സൂക്ഷിച്ചിരിക്കുകയാണ്. എ മുതല്‍ എച്ച് വരെയുള്ള നിലവറകളിലെ പരിശോധനയാണ് പൂര്‍ത്തിയായത്.
ബി നിലവറ പലതവണ തുറന്നിട്ടുണ്ടാകാമെന്നും അതില്‍ നിന്ന് അമൂല്യവസ്തുക്കള്‍ പുറത്തുപോയിട്ടുണ്ടാകാമെന്നും അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം കോടതിയെ അറിയിച്ചിരുന്നു.
ബി നിലവറയിലെ മൂല്യനിര്‍ണയം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ രാജകുടുംബത്തിന്റെ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. അതിനിടെയാണ് നിലവറ തുറക്കണമെന്ന ആവശ്യം സുപ്രീംകോടതിക്ക് മുന്നിലെത്തുന്നത്.