തിരുവനന്തപുരം|
Last Updated:
വെള്ളി, 23 ജനുവരി 2015 (19:12 IST)
സംസ്ഥാന സര്‍ക്കാരില്‍ അഴിമതിക്കാരായ മന്ത്രിമാര്‍ ഉണ്ടെങ്കില്‍ സ്വയം ഇറങ്ങിപ്പോകണമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. കേരള കോണ്‍ഗ്രസില്‍ കുടുംബവാഴ്ച നടപ്പില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കേരള കോണ്‍ഗ്രസില്‍ കുടുംബവാഴ്ച നടപ്പില്ല. അങ്ങനെ കുടുംബവാഴ്ചയ്ക്ക് ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയല്ല. നെഹ്രു - ഇന്ദിര - രാഹുല്‍ കച്ചവടമല്ല. കേരള കോണ്‍ഗ്രസില്‍ എത്രയോ നേതാക്കളുണ്ട്. കെ എം മാണിയില്‍ നിന്ന് ജോസ് കെ മാണിയിലേക്ക് അധികാരക്കൈമാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പിച്ചുപറയുകയാണ് പി സി ജോര്‍ജ്.
യു ഡി എഫ് സര്‍ക്കാരിന്‍റെ പ്രതിച്ഛായ തകര്‍ന്നു. ഇങ്ങനെ മുന്നോട്ടുപോകാന്‍ കഴിയില്ല. കേരളത്തിലെ പ്രശ്നങ്ങളില്‍ എ കെ ആന്‍റണി ഇടപെടണം. എല്ലാ ഘടകകക്ഷികളെയും വിളിക്കണം. അഴിമതിക്കാരായ മന്ത്രിമാരുണ്ടെങ്കില്‍ 28ന് യു ഡി എഫ് യോഗം ചേരുമ്പോല്‍ സ്വയം പ്രഖ്യാപിച്ച് പിരിഞ്ഞുപോകാന്‍ തയ്യാറാകണം - മനോരമ ന്യൂസിന്‍റെ 'നേരേ ചൊവ്വേ' പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജോര്‍ജ്.
കെ എം മാണിയെ അപമാനിച്ച് ഇറക്കിവിടാന്‍ കേരള കോണ്‍ഗ്രസ് അനുവദിക്കില്ല. ഞങ്ങള്‍ ഒമ്പത് എം എല്‍ എമാരും ഒറ്റക്കെട്ടാണ്. അപമാനിച്ചിറക്കിവിടാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ ജീവന്‍ കൊടുത്തും നേരിടും - പി സി ജോര്‍ജ് വ്യക്തമാക്കി.
ബിജു രമേശിനെതിരായ തന്‍റെ പരാമര്‍ശങ്ങള്‍ ചാനലില്‍ കണ്ടവര്‍ കൈയടിയോടെ അതിനെ സ്വാഗതം ചെയ്തതായും പി സി ജോര്‍ജ് പറഞ്ഞു.