അരുണ്‍കുമാര്‍ അരവിന്ദിനും വിലക്ക്, വണ്‍ ബൈ ടു തകര്‍ന്നതിന് കാരണം സംവിധായകന്‍

Biju| Last Modified ചൊവ്വ, 29 ഏപ്രില്‍ 2014 (18:05 IST)
സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദിന് നിര്‍മ്മാതാക്കളുടെ വിലക്ക്. ‘വണ്‍ ബൈ ടു’ എന്ന പുതിയ ചിത്രത്തിന്‍റെ റിലീസ് ബോധപൂര്‍വം വൈകിപ്പിച്ചത് അരുണ്‍കുമാറാണെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ബി രാകേഷ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

അരുണ്‍കുമാര്‍ അരവിന്ദുമായി ഒരു നിര്‍മ്മാതാവും സഹകരിക്കരുതെന്ന കത്ത് അസോസിയേഷന്‍ എല്ലാ നിര്‍മ്മാതാക്കള്‍ക്കും കൈമാറും.

വിഷുവിന് റിലീസ് ചെയ്യാനിരുന്ന വണ്‍ ബൈ ടു ഏപ്രില്‍ 19നാണ് പ്രദര്‍ശനത്തിനെത്തിയത്. ഇത് അരുണ്‍കുമാര്‍ അരവിന്ദിന്‍റെയും മുരളി ഗോപിയുടെയും ഇടപെടല്‍ കൊണ്ടാണെന്നാണ് നിര്‍മ്മാതാവ് ബി രാകേഷിന്‍റെ പരാതി.

റിലീസ് നീട്ടിവച്ചതുകൊണ്ടാണ് ചിത്രം പരാജയമായതെന്നും തനിക്ക് കനത്ത സാമ്പത്തികനഷ്ടമാണ് ഉണ്ടായതെന്നും രാകേഷ് പരാതിയില്‍ പറയുന്നു.

പരാതി പരിഗണിച്ച പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിര്‍വാഹക സമിതിയോഗമാണ് അരുണ്‍കുമാര്‍ അരവിന്ദിനെ വിലക്കാനുള്ള തീരുമാനമെടുത്തത്.

‘മിസ്റ്റര്‍ ഫ്രോഡ്’ എന്ന സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഫെഫ്ക സ്വീകരിച്ച നിലപാടുകള്‍ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ പിന്തുണയുണ്ട്. എന്നാല്‍ അരുണ്‍കുമാറിനെ വിലക്കാനുള്ള പുതിയ തീരുമാനത്തോട് ഫെഫ്ക ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :