അരവിന്ദ് കെജ്‌രിവാളിന് വി എസിന്റെ അഭിനന്ദനവും പിന്തുണയും

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ അഭിനന്ദനം. കെജ്‌രിവാളിനെ അഭിനന്ദിച്ച് വിഎസ് ഫാക്‌സ് സന്ദേശം അയച്ചു.

ഡല്‍ഹിയില്‍ നേടിയ വിജയം അഭിമാനകരമാണെന്നും വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരായ പോരാട്ടം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും വി എസിന്റെ സന്ദേശത്തില്‍ പറയുന്നു. പോരാട്ടത്തിന് വി എസ് പിന്തുണയും അറിയിച്ചിട്ടുണ്ട്.

ജനങ്ങള്‍ ചൂലെടുത്ത് അടിച്ചോടിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ചൊഴിയണമെന്ന് വി എസ് എല്‍ഡിഎഫിന്റെ ക്ളിഫ്ഹൗസ് ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ പറഞ്ഞു. ഉമ്മന്‍ചാണ്ടിയും സരിതാ എസ് നായരും ബിജു രാധാകൃഷ്ണനും ചേര്‍ന്ന കൊള്ളക്കമ്പനി കോടികളുടെ അഴിമതി നടത്തുന്നു എന്ന് ചീഫ് വിപ്പ് പി സി ജോ‌ര്‍ജ് തന്നെയാണ് പറഞ്ഞത്. കൊള്ളക്കമ്പനിയില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചേര്‍ന്നിരിക്കുകയാണ്. ഡല്‍ഹിയില്‍ അഴിമതിക്കാരെയും കള്ളന്മാരെയും അടിച്ചോടിക്കാനാണ് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാള്‍ ചൂലെടുത്തത്. അതുപോലെ കള്ളമ്മാരെയും അഴിമതിക്കാരെയും അടിച്ചോടിക്കാന്‍ ഇവിടെയും ചൂലെടുക്കേണ്ടി വരുമെന്നും വി.എസ് പറ‌ഞ്ഞു.

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും അന്വേഷണ പരിധിയില്‍ പെടുത്തുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു. എവിടെ നിന്നോ ഒരു റിട്ടയേര്‍ഡ് ജഡ്ജിയെ കൊണ്ടുവന്ന് അന്വേഷണം നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. അത് അംഗീകരിക്കാനാവില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ സമരം തുടരും. വിലക്കയറ്റം കൊണ്ടും മറ്റും ജനങ്ങള്‍ പൊറുതി മുട്ടുമ്പോള്‍ അതേക്കുറിച്ച സര്‍ക്കാരിന് യാതൊരു ചിന്തയും ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ പോയി പ്രചരണം നടത്തിയിട്ടും കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയെന്നും വി എസ് പരിഹസിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :