അഭയയെ കൊലപ്പെടുത്തിയത് അനാശാസ്യം പുറത്തറിയാതിരിക്കാന്‍

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 13 മാര്‍ച്ച് 2012 (11:20 IST)
PRO
PRO
പയസ് ടെന്‍‌ത് കോണ്‍‌വെന്റില്‍ നടന്ന അനാശാസ്യം പുറത്തറിയാതിരിക്കാനാണ് സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയതെന്ന് സി ബി ഐ. അതേസമയം, സിസ്റ്റര്‍ പീഡനത്തിനിരയായിട്ടില്ലെന്നും കോടതിയെ അറിയിച്ചു. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ടാണ് സി ബി ഐ മുന്‍ നിലപാടില്‍ ഉറച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.

അഭയയുടെ മരണം മുങ്ങിമരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തെളിയിക്കുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടും പീഡനം നടന്നിട്ടില്ലായെന്നാണ് വ്യക്തമാക്കുന്നത്. കെമിക്കല്‍ അനലിസ്റ്റ് ലാബിലെ വര്‍ക്ക് ബുക്ക് തിരുത്തിയതിനെക്കുറിച്ചും അന്വേഷണം നടത്തി. കെമിക്കല്‍ എക്‌സാമിനറുമായും അനലിസ്റ്റുമായും പ്രതികള്‍ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും സി ബി ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

പ്രതികളെ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കിയതിന്റെ വീഡിയോ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നെന്ന വാദം സി ബി ഐ തള്ളി. പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടവര്‍ അര്‍ധബോധാവസ്ഥയിലായിരിക്കവെയാണ് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും അല്ലാത്ത സമയത്തെ ദൃശ്യങ്ങള്‍ പകര്‍ത്താറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫാ തോമസ്‌ കോട്ടൂര്‍, ഫാ ജോസ്‌ പുതൃക്കയില്‍, സിസ്‌റ്റര്‍ സ്‌റ്റെഫി എന്നിവര്‍ക്കെതിരേയാണു കൊലപാതകകുറ്റം ചുമത്തി സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്‌. കേസില്‍ പ്രാരംഭ അന്വേഷണം നടത്തിയ അഡിഷണല്‍ സബ്‌ ഇന്‍സ്‌പെക്‌ടര്‍ വി വി അഗസ്‌റ്റിനെ നാലാം പ്രതിയായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും 2008 നവംബര്‍ 25 ന്‌ ഇദ്ദേഹം ആത്മഹത്യ ചെയ്‌തതിനാല്‍ കേസില്‍നിന്ന് ഒഴിവാക്കി.

സിസ്റ്റര്‍ അഭയ കൊല്ലപ്പെടും മുന്‍പ്‌ മാനഭംഗത്തിനിരയായത്‌ സംബന്‌ധിച്ച്‌ തുടര്‍ അന്വേഷണം ആവശ്യപ്പെട്ട്‌ നെയ്യാറ്റിന്‍കര നാഗരാജാണ് കോടതിയെ സമീപിച്ചത്. റിപ്പോര്‍ട്ടിന്‍മേല്‍ വിശദമായ വാദം മെയ് 14ന് പ്രത്യേക കോടതി ജഡ്ജി ടി എസ് പി മൂസത് പരിഗണിക്കും. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ പ്രതികളായ ഫാ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയ്യില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കോടതിയില്‍ ഹാജരായിരുന്നില്ല.

1992 മാര്‍ച്ച് 27-നാണ് സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :