അബു പരസ്യമായി മാപ്പ് പറയണം, അല്ലെങ്കില്‍ നടപടി: സുധീരന്‍

സുധീരന്‍, അബു, ബിജിമോള്‍, ഷിബു ബേബി ജോണ്‍, മാണി, ബജറ്റ്
തിരുവനന്തപുരം| Last Modified വെള്ളി, 20 മാര്‍ച്ച് 2015 (17:24 IST)
വനിതാ എം എല്‍ എമാര്‍ക്കെതിരെ വിവാദപരാമര്‍ശനം നടത്തിയ കോഴിക്കോട് ഡി സി സി അധ്യക്ഷന്‍ കെ സി അബു പരസ്യമായി മാപ്പു പറയണമെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. പരാമര്‍ശം ഉടന്‍ പിന്‍‌വലിച്ച് പരസ്യമായി എത്രയും വേഗം അബു മാപ്പുപറയണമെന്ന് കെ പി സി സി ആവശ്യപ്പെടുന്നതായി സുധീരന്‍ അറിയിച്ചു.

കോണ്‍ഗ്രസിന്‍റെ സംസ്കാരത്തിനോ മൂല്യങ്ങള്‍ക്കോ നിരക്കുന്നതല്ല അബുവിന്‍റെ പരാമര്‍ശങ്ങള്‍. അതില്‍ പാര്‍ട്ടിയുടെ ശക്തമായ വിയോജിപ്പ് അറിയിക്കുന്നു. എത്രയും വേഗം ഈ പരാമര്‍ശങ്ങള്‍ പിന്‍‌വലിച്ച് പരസ്യമായി മാപ്പുപറയാന്‍ തയ്യാറായില്ലെങ്കില്‍ അബുവിനെതിരെ അച്ചടക്കനടപടിയുണ്ടാകും - സുധീരന്‍ വ്യക്തമാക്കി.

കോണ്‍‌ഗ്രസ് വക്താക്കളില്‍ നിന്ന് പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായ അഭിപ്രായപ്രകടനങ്ങള്‍ ടി വി ചര്‍ച്ചകളില്‍ ഉണ്ടാകരുതെന്ന് കെ പി സി സി യോഗത്തില്‍ തീരുമാനമെടുത്തതായി സുധീരന്‍ പറഞ്ഞു. ചിലപ്പോഴൊക്കെ രണ്ട് വക്താക്കള്‍ രണ്ട് വ്യത്യസ്ത നിലപാടുകളുമായി ഒരേസമയം ചര്‍ച്ചകളില്‍ വരുന്നതും കാണുന്നുണ്ട്. ഇതിനെതിരെ ജാഗ്രതപാലിക്കണം.

കുറ്റപത്രം ലഭിച്ചാലും രാജിവയ്ക്കില്ല എന്ന കെ എം മാണിയുടെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെയൊരു ഘട്ടം എത്തുമ്പോള്‍ അഭിപ്രായം പറയാമെന്നായിരുന്നു സുധീരന്‍റെ മറുപടി.

അതേസമയം, സുധീരനുമായി ആലോചിച്ച ശേഷം, മാപ്പു പറയണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കെ സി അബു അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :