അപമാനിക്കാന്‍ ശ്രമം; മാന്യമായ പദവിയില്ലെങ്കില്‍ മന്ത്രിയാവേണ്ടെന്ന് ചെന്നിത്തല!

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
മാന്യമായ പദവിയും പ്രമുഖ വകുപ്പും ലഭിച്ചില്ലെങ്കില്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കില്ല. ഇത് രമേശ് വ്യക്തമാക്കിയതായാണ് വിവരം. അപമാനിക്കാനുള്ള ശ്രമമാണെങ്കില്‍ മന്ത്രിസഭയില്‍ ചേരേണ്ടതില്ലെന്നാണ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പിന്റെ തീരുമാനം. കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞ് മന്ത്രിസഭയിലെത്തുമ്പോള്‍ അര്‍ഹമായ സ്ഥാനം ലഭിക്കണമെന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇവര്‍ തയാറാവില്ല.

മന്ത്രിസഭാ പ്രവേശവും വകുപ്പുവിഭജനവുമൊക്കെ വിവാദത്തിലാക്കി രമേശിനെ എ ഗ്രൂപ്പ് അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയുമായി ഐ ഗ്രൂപ്പ് പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു. മന്ത്രിസ്ഥാനത്തിന്റെ പേരില്‍ രമേശിനെ ചിലര്‍ പരസ്യമായി തെരുവില്‍ വലിച്ചിഴച്ച് അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് തിരുവനന്തപുരത്തെത്തിയ കെ. സുധാകരന്‍ എം.പി. പ്രതികരിച്ചു. മന്ത്രിപദത്തെക്കാള്‍ വലുതാണ് കെ.പി. സി.സി. പ്രസിഡന്‍റ് പദമെന്നും സുധാകരന്‍ പറഞ്ഞു. താന്‍ മന്ത്രിസ്ഥാനത്തിനായി പാഞ്ഞു നടക്കുന്നയാളല്ലെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചിട്ടുണ്ട്.

രമേശ് മന്ത്രിയാവുന്നതിനെയും പുനഃസംഘടിപ്പിക്കുന്നതിനെയും പറ്റി ഞായറാഴ്ച ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നില്ല. എന്നാല്‍ കോണ്‍ഗ്രസിലെയും യുഡിഎഫിലെയും നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാവുന്നതിന്റെ സൂചനയാണ്. തര്‍ക്കം നീളും. ഹൈക്കമാന്‍ഡ് ഇടപെടലോടെ മാത്രമേ പുനഃസംഘടന സാധ്യമാവൂ എന്ന നിലയ്ക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.

ഒന്നുകില്‍ ഉപമുഖ്യമന്ത്രി പദം അല്ലെങ്കില്‍ ആഭ്യന്തര വകുപ്പ് എന്നതാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. ഉപമുഖ്യമന്ത്രി പദം തീരുമാനിക്കേണ്ടത് യു.ഡി.എഫാണ്. എന്നാല്‍ ആഭ്യന്തര വകുപ്പ് വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. മുമ്പ് കെപിസിസി പ്രസിഡന്‍റുമാരായിരുന്ന സിവി പദ്മരാജനും കെ. മുരളീധരനും മന്ത്രിയായപ്പോള്‍ വൈദ്യുതി ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് കൈകാര്യം ചെയ്തതെന്നാണ് രമേശിനെ ഒഴിവാക്കാന്‍ എ ഗ്രൂപ്പ് പറയുന്ന ന്യായം.

ഉപമുഖ്യമന്ത്രി പദത്തെപ്പറ്റി ഘടകകക്ഷികള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്ന് സ്ഥാപിച്ച് അതിനുള്ള സാധ്യതയ്ക്ക് തടയിടാനും ഇവര്‍ ശ്രമിക്കുന്നു. ഉപമുഖ്യമന്ത്രിയാവാന്‍ കെഎം മാണിയും പികെ. കുഞ്ഞാലിക്കുട്ടിയും അര്‍ഹരാണെന്ന മന്ത്രി കെസി ജോസഫ് പറഞ്ഞതിന്റെ അടിസ്ഥാനം ഇതാണ്. രമേശ് മന്ത്രിസഭയില്‍ വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആരുടെയും പച്ചക്കൊടിയുടെ ആവശ്യമില്ലെന്നാണ് ജോസഫ് പറയുന്നത്.

ഉപമുഖ്യമന്ത്രിയെപ്പറ്റി തീരുമാനിക്കേണ്ടത് യു.ഡി. എഫാണെന്ന് മന്ത്രി കെഎം മാണി അഭിപ്രായപ്പെട്ടു. എന്നാല്‍ മുന്നണി ഇതേപ്പറ്റി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. കേരളാകോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ പ്രത്യേക അജണ്ടയില്ല. തര്‍ക്കമുണ്ടായ സാഹചര്യം മുതലെടുത്ത് കൂടുതല്‍ അവകാശവാദവും മാണി മുന്നോട്ടുവെച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒന്നിലേറെ സീറ്റിന് അവകാശമുന്നയിക്കുമെന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്‍കുന്നത്.

തനിക്ക് മന്ത്രിയാവണമെന്ന് രമേശ് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞത്. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിലോ മുന്നണിയിലോ ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞദിവസം കേന്ദ്രമന്ത്രി എകെ ആന്‍റണി നേതാക്കളുമായി സംസാരിച്ചെങ്കിലും കേരളത്തില്‍ത്തന്നെ ഒത്തുതീര്‍പ്പുണ്ടാകണമെന്ന നിലപാടാണ് അദ്ദേഹമെടുത്തത്. എന്നാല്‍ രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ വരണമെന്നും ആന്‍റണി കേരളത്തിന്റെ കാര്യത്തില്‍ സജീവമായി ഇടപെടണമെന്നും രാജ്യസഭാ അധ്യക്ഷന്‍ പിജെ കുര്യന്‍ അഭിപ്രായപ്പെട്ടു. ഇത് ആന്‍റണിയുടെ മനസ്സറിഞ്ഞുള്ള പ്രതികരണവുമാവാം.

പരസ്യ പ്രസ്താവനകള്‍ ഇങ്ങനെ തുടരവേ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് രമേശും മുഖ്യമന്ത്രിയുമായി ഇതുവരെയും ചര്‍ച്ച നടന്നിട്ടില്ല. ഇരുഗ്രൂപ്പുകളിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ധാരണയുണ്ടായ ശേഷമേ ചര്‍ച്ചയ്ക്കുള്ള സാധ്യതയുള്ളൂ.

സ്പീക്കര്‍ ജി കാര്‍ത്തികേയനെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആലോചിക്കുന്നുണ്ടെങ്കിലും തനിക്ക് ഇതുസംബന്ധിച്ച് ഒരുവിവരവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ഒരു ചര്‍ച്ചയും നടന്നിട്ടില്ല. താനിപ്പോഴും സ്പീക്കര്‍ മാത്രമാണ്-അദ്ദേഹം പറഞ്ഞു. അതേസമയം കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി ഏത് സ്ഥാനം ഏല്‍പ്പിച്ചാലും സന്തോഷത്തോടെ ഏറ്റെടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഭൂരിപക്ഷ പ്രതിനിധിയെ താക്കോല്‍ സ്ഥാനത്ത് എത്തിച്ച് സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ തുടങ്ങിയ ശ്രമം എന്തായാലും രൂക്ഷമായ തര്‍ക്കങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. കുറച്ചുദിവസം കൂടി ഈ തര്‍ക്കം കീറാമുട്ടിയായി തുടരും. ഹൈക്കമാന്‍ഡിന് മാത്രം പരിഹരിക്കാനാവുന്ന തരത്തിലേക്ക് പ്രശ്‌നം വളരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :