ന്യൂഡല്‍ഹി|
rahul balan|
Last Modified വ്യാഴം, 17 മാര്‍ച്ച് 2016 (15:55 IST)
നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ അനുകൂലിക്കുന്ന പന്ത്രണ്ട് പേര്‍ക്ക് സീറ്റ് ആവശ്യപ്പെട്ട് വയലാര്‍ രവി എംപി കെ പി സി സിയ്‌ക്കും ഹൈക്കമാന്‍ഡിനും കത്ത് നല്‍കി. വയലാര്‍ രവിയുടെ അനുജനായ ജിനദേവനും ഇതില്‍ പെടും. ജിനദേവന് ചേര്‍ത്തലയില്‍ സീറ്റ് നല്‍കണമെന്നാണ് ആവശ്യം. ആരോപണങ്ങള്‍ നേരിടുന്ന മന്ത്രി സി എന്‍ ബാലകൃഷ്‌ണനെ വടക്കാഞ്ചേരിയില്‍ നിന്ന് മാറ്റി മൂന്നാം ഗ്രൂപ്പ് സ്‌ഥനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്നും രവി ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് മകളെ മത്സരിപ്പിക്കാന്‍ രവി നീക്കം നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. അതേസമയം കുട്ടനാട് സീറ്റില്‍ കുട്ടനാട് പൈതൃക കേന്ദ്രം ചെയര്‍മാന്‍ അഡ്വക്കേറ്റ് അനില്‍ ബോസിനെ സ്‌ഥാനാര്‍ത്ഥിയാക്കണമെന്നാണ് രവിയുടെ ആവശ്യം.
പെരുമ്പാവൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍, അരൂരില്‍ കയര്‍ അപക്‌സ് ബോഡി ചെയര്‍മാന്‍ ഗഫൂര്‍ ഹാജി, മന്ത്രി സി എന്‍ ബാലകൃഷ്‌ണന്റെ സിറ്റിംഗ് സീറ്റായ വടക്കാഞ്ചേരിയില്‍ സി എസ് ശ്രീനിവാസനെയും മത്സരിപ്പിക്കണമെന്ന് വയലാര്‍ രവി കത്തില്‍ ആവശ്യപ്പെട്ടു.
മാണി ഗ്രൂപ്പ് മത്സരിക്കുന്ന കുട്ടനാട് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും വയലാര്‍ രവി ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കമാന്‍ഡിനും കെ പി സി സി തെരഞ്ഞെടുപ്പ് സമിതിക്കുമാണ് രവി കത്ത് നല്‍കിയിരിക്കുന്നത്.